യഥാര്‍ത്ഥ കസ്തൂരി മഞ്ഞളിനെ കുറിച്ചറിയാമോ?

കസ്തൂരിമഞ്ഞള്‍ കല്ലിലരച്ച് കവിളില്‍ പുരട്ടി ദിവസവും കണ്ണാടി നോക്കി കുളിരുകോരിയിരുന്ന കഴിഞ്ഞ തലമുറവരെയുള്ള പെണ്‍കൊടികളെല്ലാം കസ്തൂരിമഞ്ഞളിനെ തീവ്രമായി സ്‌നേഹിച്ചവരായിരുന്നു . കേള്‍വികേട്ട സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുമായി വന്‍കിട ബ്രാന്‍ഡുകള്‍ മാടിവിളിച്ചപ്പോള്‍ പുതിയ തലമുറ ആ വഴിയേ പോയി.
എന്നാല്‍ ആ പതിവും മാറുകയാണ്. ഭക്ഷണത്തില്‍ മാത്രമല്ല, ഉടുപ്പിലും നടപ്പിലുമെല്ലാം ജൈവ ഉല്‍പന്നങ്ങളോടാണ് ഇപ്പോള്‍ ഏവര്‍ക്കും പ്രിയം. ഇതു തിരിച്ചറിഞ്ഞ് വന്‍കിട കമ്പനികളും ആ വഴി പിടിച്ചു കഴിഞ്ഞു. അവരുമായി മല്‍സരിക്കാനുള്ള കരുത്ത് തല്‍ക്കാലമില്ലെങ്കിലും വിപണിയില്‍ തങ്ങള്‍ക്കും ഇടമുണ്ടെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കായണ്ണ മൊട്ടന്തറയിലെ തനിമ കുടുംബശ്രീ സംഘം. ലീമ, വല്‍സല, രജിത, ബിന്ദു, പ്രജിഷ എന്നിവരാണ് അംഗങ്ങള്‍.
അമ്പതു ശതമാനം യഥാര്‍ഥ കസ്തൂരിമഞ്ഞളും ബാക്കി അമ്പതു ശതമാനം വയമ്പ്, മുള്‍ട്ടാണി മിട്ടി, ഇരട്ടിമധുരം, ബാര്‍ലി, അമുക്കുരം, ബംഗാള്‍ ഗ്രാം തുടങ്ങിയ ചേരുവകളുമായി നൂറു ശതമാനവും ജൈവമായ ഫെയ്‌സ് പാക്കാണ് സംഘത്തിന്റെ ഒരു ഉല്‍പന്നമായ കസ്തൂരിഫെയ്‌സ് പായ്ക്ക് എന്ന പേരില്‍ വിപണിയില്‍ ഉള്ളത്. 'യഥാര്‍ഥ കസ്തൂരിമഞ്ഞള്‍' എന്ന് എടുത്തു പറയുന്നതിനു കാരണമുണ്ടെന്ന് സംഘത്തിന് ഉല്‍പന്നനിര്‍മാണത്തില്‍ പരിശീലനവും പിന്തുണയും നല്‍കുന്ന പെരുവണ്ണാമൂഴി കെവികെയിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് എ. ദീപ്തി.
കുര്‍ക്കുമ അരോമാറ്റിക്ക എന്ന കസ്തൂരിമഞ്ഞളിന് ക്രീം നിറമാണ്. നേരിയ സുഗന്ധവുമുണ്ട്.
എന്നാല്‍ മഞ്ഞക്കൂവയാണ് പലരും കസ്തൂരിമഞ്ഞളായി ഉപയോഗിക്കുന്നത്. തെറ്റിദ്ധരിച്ച് ചെയ്യുന്നവരും ബോധപൂര്‍വം ചെയ്യുന്നവരുമുണ്ട്. ചില സൗന്ദര്യവര്‍ധക കമ്പനികളെങ്കിലും കസ്തൂരിമഞ്ഞളിനെക്കാള്‍ വില കുറവായതിനാല്‍ മഞ്ഞക്കൂവ ബോധപൂര്‍വം ഉപയോഗിക്കുന്നു.
രണ്ടിനും ഔഷധഗുണങ്ങളുണ്ടെങ്കിലും സൗന്ദര്യവര്‍ധക ഗുണം കസ്തൂരിമഞ്ഞളിലാണുള്ളത്. അതാണ് ഈ ഫെയ്‌സ് പാക്കിന്റെ മേന്മയും'', ദീപ്തിയുടെ വാക്കുകള്‍.
കസ്തൂരിമഞ്ഞള്‍ സോപ്പാണ് മറ്റൊരു ഉല്‍പന്നം. സോപ്പുനിര്‍മാണത്തിന് കാസ്റ്റിക് സോഡ ആവശ്യമായതിനാല്‍ ഇതു പരിപൂര്‍ണ ജൈവോല്‍പന്നമാണെന്ന് അവകാശപ്പെടുന്നില്ലെന്നു സംഘാംഗം ലീമ. എന്നാല്‍ മൃഗക്കൊഴുപ്പിനു പകരം ശുദ്ധ വെളിച്ചെണ്ണയാണ് ഇതില്‍ ചേര്‍ക്കുന്നത്. തേന്‍മെഴുകാണ് സോപ്പിന്റെ അലിയല്‍ കുറയ്ക്കാനുള്ള ഘടകം. നാലു പേരുള്ള ഒരു കുടുംബത്തിന് പത്തു ദിവസത്തേക്ക് ഒരു സോപ്പ് മതിയാവുമെന്നു സംഘാംഗങ്ങള്‍ തന്നെ പരീക്ഷിച്ചറിഞ്ഞതാണ്.
കുടുംബശ്രീയില്‍ ചേര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നാലാളറിയുന്ന ഉല്‍പന്നങ്ങളും സംരംഭവുമായി വിപണിയിലെത്താന്‍ സഹായിച്ചത് സുഗന്ധവിള മൂല്യവര്‍ധനയിലുള്ള പരിശീലനമാണെന്ന് അഞ്ചംഗ സംഘം പറയുന്നു.ഫോണ്‍ (ലീമ): 9645055839
https://www.facebook.com/Malayalivartha