വീട്ടിലെ പൂന്തോട്ടത്തില്‍ വിദേശപ്പൂമരങ്ങള്‍ ആയാലോ?

പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് കടുത്ത വേനലിലും പച്ചപ്പോടെ നില്‍ക്കുന്ന മരങ്ങള്‍. പൂമരങ്ങളാകട്ടെ, പൂന്തോട്ടത്തിന് നിത്യയൗവനവും നല്‍കുന്നു. മരങ്ങള്‍ നട്ടു വളര്‍ത്തുമ്പോള്‍ ഉദ്യാനം കൂടുതല്‍ മോടിയാകുന്നു. ഒപ്പം തണലുമൊരുക്കും. എത്രയോതരം ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമാകുന്നു മരങ്ങള്‍.
ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കുന്ന പൂമരം നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതും നിത്യഹരിത സ്വഭാവമുള്ളതുമായിരിക്കണം. പല സമയത്തായി പൂവിടുന്ന മരങ്ങളുണ്ടെങ്കില്‍ എല്ലാക്കാലത്തും ഉദ്യാനത്തില്‍ പൂക്കളുണ്ടാവും. പല നിറത്തില്‍ പൂക്കള്‍ ഉള്ള മരങ്ങള്‍ നടാനും ശ്രദ്ധിക്കണം. ശൈശവദശ കഴിഞ്ഞ മരങ്ങളാണ് നടേണ്ടത്. നമ്മുടെ നാട്ടില്‍ മഴക്കാലം ആരംഭിക്കുന്ന സമയമാണ് മരങ്ങള്‍ നടാന്‍ ഏറ്റവും നന്ന്. അലങ്കാരവൃക്ഷങ്ങളുടെ പുതിയ ഒട്ടേറെ ഇനങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.
സിമോഫ് എയര്‍ട്രീ
ആഞ്ഞിലിയുടെ ഇലകളോടു സാദൃശ്യമുള്ള ഇലകളുമായി ഈ മലേഷ്യന്‍ അലങ്കാരമരം നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലായിട്ടില്ല. എന്നാല്‍ പല ഏഷ്യന്‍ രാജ്യങ്ങളിലും ഇതു പൂമരമായി നട്ടു പരിപാലിച്ചുവരുന്നു. നിത്യഹരിത സ്വഭാവമുള്ള ഈ മരത്തിന്റെ ചോലയില്‍ കിട്ടുന്നത്ര തണലും തണുപ്പും മറ്റ് അലങ്കാരവൃക്ഷങ്ങള്‍ക്കു നല്‍കാനാവില്ല. 9-10 മീറ്റര്‍ മാത്രം ഉയരത്തില്‍ വളരുന്ന സിമോഫ് എയര്‍ട്രീയുടെ വലിയ ഇലകളില്‍ ഞരമ്പുകള്‍ വളരെ പ്രകടമാണ്. ഇലഞെട്ട് അല്‍പം തടിച്ചു പരന്നതാണ്. ഇളം ഇലകള്‍ക്ക് ചുവപ്പുരാശിയുള്ള തവിട്ടുനിറമായിരിക്കും.
വര്‍ഷം മുഴുവന്‍ പൂവിടുന്ന പ്രകൃതമുള്ള ഈ അലങ്കാരവൃക്ഷത്തില്‍ കടുത്ത മഴക്കാലത്തുപോലും പൂക്കള്‍ ഉണ്ടാകും. 8/10 പൂക്കള്‍ ചെറുകൂട്ടമായി ശാഖാഗ്രങ്ങളിലാണ് ഉണ്ടായി വരിക. അതിരാവിലെ വിരിയാന്‍ തുടങ്ങുന്ന പൂവ് സൂര്യനുദിച്ചാല്‍ മുഴുവനായി വിരിഞ്ഞു കഴിയും. പൂക്കള്‍ക്ക് മരത്തില്‍ 2-3 ദിവസത്തെ ആയുസ്സേയുള്ളൂ. മഞ്ഞനിറമുള്ള പൂവിന്റെ ഇതളുകള്‍ എല്ലാം നന്നായി വിടര്‍ന്ന് പരന്നാണ് കാണപ്പെടുക. ഒത്ത നടുവില്‍ വെള്ളനിറത്തില്‍ കേസരങ്ങള്‍ നിറയെ കാണാം.
പൂവിട്ടുനില്‍ക്കുന്ന ഈ മരത്തില്‍ തേനീച്ചകളും ചെറുവണ്ടുകളും ധാരാളമായി വന്നെത്തും. ഇവ പൂക്കളില്‍ പരാഗണം നടത്തി കായ്കള്‍ ഉണ്ടായിവരും. പരാഗണം നടന്ന പൂവ് കായാകാന്‍ അഞ്ച് ആഴ്ചക്കാലമെടുക്കും. കായ്കള്‍ മുകളിലേക്കു നിവര്‍ന്നാണ് നില്‍ക്കുക. നക്ഷത്രത്തിന്റെ ആകൃതിയുള്ള കായ്കള്‍ക്ക് തിളക്കമാര്‍ന്ന ചുവപ്പുനിറമാണ്. ഒറ്റനോട്ടത്തില്‍ കായ്കള്‍ പൂക്കളാണെന്നേ തോന്നൂ. വിത്ത് പൊഴിഞ്ഞു നിലത്തുവീണാല്‍ അനുകൂല കാലാവസ്ഥയില്‍ തൈകളായി വളര്‍ന്നുവരും. വിത്തിന്റെ കിളിര്‍പ്പുശേഷി വേഗത്തില്‍ നഷ്ടപ്പെടുമെന്നതുകൊണ്ട് മരത്തില്‍നിന്നു ശേഖരിച്ചവ വൈകാതെ പാകിമുളപ്പിക്കണം.
ഈ മരം നന്നായി വളരുന്നപക്ഷം മണ്ണില്‍ ഭൂഗര്‍ഭജലം നന്നായി ഉണ്ടെന്നു മനസ്സിലാക്കാം. വരണ്ട കാലാവസ്ഥയില്‍ സിമോഫ് എയര്‍ട്രീ നന്നായി വളരാറില്ല. വിത്തുവഴി ഉല്‍പാദിപ്പിച്ച തൈയും ഇളം കമ്പുകളുമാണ് നടേണ്ടത്. കമ്പുകള്‍ നടീല്‍വസ്തുവാക്കി ഉപയോഗിച്ചാല്‍ വേഗത്തില്‍ വളര്‍ന്നുവന്ന് മരമായി മാറും.
ബട്ടര്‍ഫ്‌ലൈ പീ ട്രീ
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തണല്‍മരത്തില്‍ നിറയെ ശംഖുപുഷ്പങ്ങളുള്ള കുലകള്‍. ഞാന്നു കിടക്കുന്ന പൂങ്കുലയില്‍ 8-10 പൂക്കളും ധാരാളം പൂമൊട്ടുകളും ഉണ്ടാകും. 10-12 മീറ്റര്‍ മാത്രം ഉയരത്തില്‍ വളരുന്ന ബട്ടര്‍ഫ്‌ലൈ പീ മരത്തിന്റെ വശങ്ങളിലേക്കു ഞാന്നുകിടക്കുന്ന ശാഖകളിലാണ് ധാരാളം പൂക്കള്‍ ഉണ്ടാകുന്നത്. ബ്രസീലിലെ ആമസോണ്‍ വനങ്ങളില്‍ സ്വാഭാവികമായി വളരുന്ന ഈ പൂമരം നമ്മുടെ നാട്ടില്‍ വന്നെത്തിയിട്ട് അധികനാളായിട്ടില്ല.
കമ്പുകളില്‍ ഇലക്കൂട്ടുകളാണ് ഉണ്ടായിവരിക. ഓരോ ഇലക്കൂട്ടത്തിലും മൂന്നു ലഘുപത്രങ്ങള്‍ വീതം കാണും. ഇലകള്‍ക്ക് 3–7 സെ.മീ. നീളമുണ്ട്. ഇളം ഇലകള്‍ക്ക് താഴെ നഖംപോലുള്ള സ്റ്റിപ്യൂള്‍ (ടശേുൗഹല) പ്രത്യേകതയാണ്. നല്ല നീളമുള്ള ബീന്‍സിന്റെ ആകൃതിയാണ് കായ്കള്‍ക്ക്. പയറിനങ്ങളില്‍ എന്നപോലെ നൈട്രജന്‍ ആഗിരണം ചെയ്യാന്‍ കഴിവുള്ള ബാക്ടീരിയ ഇതിന്റെ വേരുകളിലെ ചെറുമുഴകളില്‍ സ്വാഭാവികമായി കാണപ്പെടുന്നു.
പൂങ്കുലകള്‍ ശാഖാഗ്രങ്ങളിലും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടായി വരിക. 8-40 സെ.മീ. വരെ പൂങ്കുലയ്ക്ക് നീളമുണ്ടാകും. പൂക്കള്‍ക്ക് ഇളം വയലറ്റ് അല്ലെങ്കില്‍ ലൈലാക് നിറമാണ്. തേനീച്ചയും ചെറുവണ്ടുകളും വഴി പരാഗണം നടന്ന് ഉണ്ടായിവരുന്ന കായ്കള്‍ വിളഞ്ഞാല്‍ തവിട്ടുനിറമായിരിക്കും. ഒരു കായ്ക്കുള്ളില്‍ 5-10 വിത്തുകള്‍ കാണും. വിത്തുകള്‍ക്ക് ഇളം കറുപ്പുനിറമാണ്. കായ്കള്‍ മൂത്തു പാകമായാല്‍ പൊട്ടിത്തുറന്ന് വിത്തുകള്‍ അല്‍പം ദൂരേക്കു വിന്യസിക്കും. വിത്തുവഴി സ്വാഭാവിക വംശവര്‍ധന നടത്തുന്ന ബട്ടര്‍ഫ്‌ലൈ പീ ട്രീയുടെ വിത്തുപയോഗിച്ച് വളര്‍ത്തിയെടുത്ത തൈകളാണ് നട്ടുവളര്‍ത്തുന്നത്.
കമ്പു മുറിച്ചും നടാം. 30/50 സെ.മീ. നീളമുള്ള കമ്പ് ഇലകള്‍ നീക്കിയശേഷം നട്ടാല്‍ എളുപ്പം വളര്‍ന്നുവരും. വേഗത്തില്‍ വളരുന്ന ഈ അലങ്കാരവൃക്ഷം വഴിയോരത്തും, പാര്‍ക്കിലുമെല്ലാം നട്ടുപരിപാലിക്കാന്‍ നന്ന്.
ഓസ്‌ട്രേലിയന്‍ അംബ്രല്ല ട്രീ
ഉദ്യാനത്തില്‍ പാതി തണലുള്ളിടത്ത് കുറ്റിച്ചെടിയായി പരിപാലിക്കുന്ന ഷഫ്‌ളീറ എന്ന ഇലച്ചെടിയുടെ ജനുസ്സില്‍പെടുന്നതാണ് ഓസ്‌ട്രേലിയന്‍ അംബ്രല്ല മരം. ഓസ്‌ട്രേലിയയും ജാവാ ദ്വീപുകളും ജന്മേദേശമായ ഈ തണല്‍മരം പല രാജ്യങ്ങളിലും പൂമരമായി പ്രചാരത്തിലുണ്ട്. പാതി തണലുള്ളിടത്തും ഇതു വളര്‍ന്നുകൊള്ളും. മറ്റ് അലങ്കാരവൃക്ഷങ്ങളില്‍നിന്നു വ്യത്യസ്തമായി തായ്ത്തടി അത്രയ്ക്കു വ്യക്തമായി ഉണ്ടാകാറില്ല. പകരം ചുവട്ടില്‍നിന്നു കുത്തനെ വളരുന്ന തണ്ടുകളാണുള്ളത്. 6-10 മീറ്ററോളം ഉയരത്തില്‍ വളരുന്ന അംബ്രല്ല ട്രീയുടെ പോതുകളില്‍ ഈ മരത്തിന്റെ തന്നെ വിത്തുകള്‍ വീണു കിളിര്‍ത്ത് ഓര്‍ക്കിഡിന്റെ രീതിയില്‍ വായുവില്‍ വേരുകളുമായി തൈകള്‍ ഉണ്ടാകും. പിന്നീട് ഈ വേരുകള്‍ താഴേക്കു വളര്‍ന്നിറങ്ങി മറ്റൊരു മരമായി മാറും.
കുടപോലെ കാണുന്ന നല്ല വലുപ്പമുള്ള ഇലക്കൂട്ടുകളാണ് ഈ മരത്തിന്റെ ഭംഗി. 7-16 ഇലകള്‍ ചേരുന്നതാണ് ഓരോ ഇലക്കൂട്ടും. 15-60 സെ.മീ നീളമുള്ള ഞെട്ടിന്റെ അഗ്രഭാഗത്താണ് ഇലകള്‍ ഉണ്ടായിവരിക. കടുംപച്ചനിറമുള്ള ഇളം ശാഖകളില്‍ പൊഴിഞ്ഞുവീണ ഇലകളുടെ പാടുകള്‍ വ്യക്തമായി കാണാം.
ദൂരെനിന്നുപോലും വളരെ വ്യക്തമായി കാണുന്ന വിധത്തില്‍ ശാഖാഗ്രങ്ങളില്‍ ഇലപ്പടര്‍പ്പിനു മുകളിലാണ് പൂങ്കുലകള്‍ ഉണ്ടായിവരിക. ധാരാളം ശാഖകളോടു കൂടിയ പൂങ്കുലയിലെ ഓരോ ശാഖയ്ക്കും 80 സെ.മീ വരെ നീളമുണ്ടാകും. പൂങ്കുലകള്‍ കുത്തനെ നിവര്‍ന്നു നില്‍ക്കുന്നു. പൂക്കള്‍ ചെറുതും കടുംചുവപ്പു നിറമുള്ളതുമാണ്. ഓരോ പൂങ്കുലയിലും ആയിരത്തിലേറെ പൂക്കള്‍ ഉണ്ടാകും. വേനല്‍ക്കാലത്താണ് നന്നായി പൂവിടുന്നത്.
ചെറുപക്ഷികളും തേനീച്ചകളും പൂക്കളുടെ പരാഗണം നടത്തുന്നു. ഇവയെ ആകര്‍ഷിക്കാന്‍ പൂക്കള്‍ സമൃദ്ധമായി തേന്‍ ഉല്‍പാദിപ്പിക്കും. അംബ്രല്ല ട്രീയുടെ കായ്കള്‍ ചെറു ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും ഇഷ്ടവസ്തുവാണ്. ഇവയാണ് മരത്തിന്റെ സ്വാഭാവിക പ്രജനനം നടത്തുന്നത്. കായ്കള്‍ വിളഞ്ഞ് പാകമായാല്‍ പര്‍പ്പിള്‍ നിറമാണ്.
വിത്തുവഴിയും കമ്പ് മുറിച്ചുനട്ടുമാണ് മരം സാധാരണയായി വളര്‍ത്തിയെടുക്കുക. നന്നായി വളര്‍ച്ചയെത്തിയ മരത്തിന്റെ ഒരടിയോളം നീളമുള്ള കമ്പ് മുറിച്ചെടുത്ത് നടാം. ഇളം കമ്പുകളാണ് കൂടുതല്‍ യോജിച്ചത്. കുറെക്കാലം ചട്ടിയില്‍ കുറ്റിച്ചെടിയായി പരിപാലിക്കാനാകും. (വിവരങ്ങള്‍ക്ക് : പ്രഫ. ജേക്കബ് വര്‍ഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസര്‍, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി-21)
https://www.facebook.com/Malayalivartha