വരട്ടാര്‍ പുഴ വീണ്ടെടുക്കാന്‍ നാട് നിറഞ്ഞൊഴുകി

മൂന്ന് പതിറ്റാണ്ടായി ഒഴുക്ക് നിലച്ച പമ്പാ നദിയുടെ കൈവഴിയായ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമത്തിന് നാടൊഴുകിയെത്തി. ഉദ്യമത്തെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചതോടെ വരട്ടാര്‍ പുഴയെ വീണ്ടെടുക്കാമെന്ന പ്രതീക്ഷ ശക്തമായി. തിങ്കളാഴ്ച ആദിപമ്പ മുതല്‍ ഇരമല്ലിക്കര വരെ സംഘടിപ്പിച്ച 'പുഴ നടത്തം' പരിപാടിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.
മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ് എന്നിവരും 14 കിലോമീറ്റര്‍ വരുന്ന പുഴ നടത്തത്തില്‍ പങ്കാളികളായി. മന്ത്രി മാത്യു ടി തോമസ്, കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ, വീണാ ജോര്‍ജ്ജ് എംഎല്‍എ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് വരട്ടാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്.
പ്രദേശവാസികളുടെയും പ്രകൃതി സ്‌നേഹികളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണിത്. സംസ്ഥാന സര്‍ക്കാരും ഹരിത കേരളാ മിഷനും പൂര്‍ണപിന്തുണ നല്‍കി. പുഴ കടന്നു പോകുന്ന സ്ഥലങ്ങളിലെ ജില്ലാ പഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ സ്വപ്ന പദ്ധതി ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങി. വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകള്‍ തങ്ങളുടെ പങ്ക് ഈ പരിശ്രമത്തില്‍ ഉറപ്പു നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി.
പമ്പയില്‍ തുടങ്ങി മണിമലയാറ്റില്‍ അവസാനിക്കുന്ന നദി മണല്‍ വാരലിലൂടെയും മറ്റും നീരൊഴുക്കില്ലാത്ത, ഗര്‍ത്തങ്ങള്‍ മാത്രം നിറഞ്ഞ സ്ഥിതിയിലാണ്. ഈ കാലവര്‍ഷക്കാലത്ത് ചെറിയ തോതിലെങ്കിലും വെള്ളമൊഴുക്കാനുള്ള പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടക്കുക. മൂന്നു വര്‍ഷത്തിനകം നദിയെ സമ്പൂര്‍ണമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം.
തിങ്കളാഴ്ച രാവിലെ ഏഴോടെ ആദിപമ്പയില്‍ നിന്ന് പുഴ നടത്തം ആരംഭിച്ചു. പരിമൂട്ടില്‍ക്കടവ്, പന്നിവിഴ, തേവര്‍മണ്ണ്, അടിശേരിക്കടവ്, കുളങ്ങരയ്ക്കല്‍, ആനയാര്‍, കുന്നയ്ക്കാട്ടുകടവ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, മാമ്പറ്റക്കടവ് പാലം, തൃക്കയ്യില്‍ ക്ഷേത്രക്കടവ്, ആറാട്ടുകടവ് പാലം തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രക്കടവ്, തെക്കുംമുറിപ്പാലം എന്നീ സ്ഥലങ്ങളിലൂടെ കടന്ന് ഇരമല്ലിക്കരയിലെ വാളത്തോട്ടില്‍ പുഴനടത്തം സമാപിച്ചു.
മന്ത്രിമാരെ കൂടാതെ എംഎല്‍എമാരായ കെ കെ രാമചന്ദ്രന്‍നായര്‍, വീണാ ജോര്‍ജ്ജ്, രാജു എബ്രഹാം, ഹരിതകേരളം മിഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എന്‍ സീമ, മിഷന്‍ സാങ്കേതിക ഡയറക്ടര്‍ അജയകുമാര വര്‍മ, വരട്ടാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബീനാ ഗോവിന്ദ്, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം എച്ച് റഷീദ് തുടങ്ങിയവര്‍ പുഴനടത്തത്തില്‍ പങ്കാളികളായി. പുഴ നടത്തത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലിന്റെ സന്ദേശവുമെത്തി.
പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ചേര്‍ന്ന യോഗം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി മാത്യു ടി തോമസ് അധ്യക്ഷനായി.
https://www.facebook.com/Malayalivartha