രാജമല്ലി; ഗൃഹാതുരമായ ഒരോര്‍മ

മലയാളികളുടെ വീട്ടുമുറ്റങ്ങളില്‍ നിന്നും പൂന്തോട്ടങ്ങളില്‍ നിന്നും ഇടക്കാലത്ത് അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീര്‍ക്കുന്നു. റോസയും ഓര്‍ക്കിഡും ആന്തുറിയവും ഉള്‍പ്പെടെയുള്ള പൂച്ചെടികള്‍ക്കൊപ്പം ഇപ്പോള്‍ മലയാണ്‍മയുടെ പ്രതീകം പോലെ രാജമല്ലിയും വീട്ടുമുറ്റങ്ങളില്‍ പൂത്തു വിടരാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് നാട്ടിന്‍പുറങ്ങളിലെ വീടുകളിലും വഴിയരികിലുമാണ് രാജമല്ലി പൂച്ചാര്‍ത്തുമായി നിന്നിരുന്നത്. രാജമല്ലിയെ നഗരങ്ങളിലെ ആഡംബര വീട്ടുമുറ്റത്തെ ഉദ്യാനങ്ങളിലും പലരും അഭിമാനപൂര്‍വം ഇപ്പോള്‍ പ്രതിഷ്ഠിക്കുന്നു.
ഗൃഹാതുരമായ ഒരോര്‍മ കൊണ്ടാണ് രാജമല്ലികള്‍ വീട്ടില്‍ നടുന്നതെന്നു പറയുന്ന നഗരവാസികളുമുണ്ട്. വീട്ടുമുറ്റങ്ങളില്‍ സൗന്ദര്യവും ഐശ്വര്യവും വാരിവിതറി നിന്നിരുന്ന രാജമല്ലിയെ ഈ ഒരു നൊസ്റ്റാള്‍ജിയ കാരണം മടക്കി കൊണ്ടു വരികയാണ് മലയാളികള്‍. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പൊതുവെ രാജമല്ലികള്‍ കാണപ്പെടുന്നത്. പല നിറങ്ങള്‍ ചേര്‍ന്ന മിക്‌സഡ് ഇനവുമുണ്ട്. സൗന്ദര്യം മാത്രമല്ല, വീടിനു പോസിറ്റീവ് തരംഗങ്ങള്‍ ഉണ്ടാക്കാനും രാജമല്ലി സഹായകരമാണെന്ന് വാസ്തു ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചെത്തി, മുല്ല, ചെമ്പരത്തി തുടങ്ങി പഴയകാലത്ത് നട്ടിരുന്ന ചെടികളും ഉത്തമമായ ഓറ നല്കുന്നതാണ്.
സീസല്‍ പീനീയ പള്‍ച്ചറിമ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു രാജമല്ലി. രാജമല്ലി പൂക്കളുടെ വര്‍ണാഭകൊണ്ടാകാം ഇവ പീക്കോക്ക് ഫ്‌ളവര്‍ (മയില്‍പ്പൂവ്) മെക്‌സിക്കന്‍ ബേര്‍ഡ് ഓഫ് പാരഡൈസ് എന്നീ പേരുകളിലും അറിയപ്പെടുന്നത്. സ്വര്‍ഗത്തിലെ പക്ഷി എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ചേര്‍ക്കപ്പെടുന്നതും ഇതിന്റെ ഒരു പ്രത്യേക ഭംഗിയും ആകൃതിയും കൊണ്ടാണ. കേരളത്തിന്റെ ഒരു നാട്ടുചെടി എന്ന രീതിയി ലാണ് രാജമല്ലി പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ നമ്മുടെ നാടിന്റെ സ്വന്തമല്ല രാജമല്ലി. അമേരിക്ക, വെസ്റ്റിന്‍ഡീസ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഈ പുച്ചെടിയുടെ ജന്മദേശം ഏതാണെന്നുറപ്പില്ല. ബാര്‍ബഡോസ് എന്ന കരീബിയന്‍ ദ്വീപിലെ ദേശീയപുഷ്പമാണ് രാജമല്ലി.
ചൂടില്‍ പൂത്തു തളിര്‍ക്കുന്ന രാജമല്ലിക്കു ശീതകാലം തീരെ പ്രീയമല്ല. തണുപ്പേറിയ കാലാവസ്ഥയില്‍ രാജമല്ലി നിലനില്‍ക്കുകയില്ല. എന്നാല്‍ കേരളത്തിലെ കാലാവസ്ഥ വളരെ അനുയോജ്യമാണ്. പൊതുവെ വര്‍ഷം മുഴുവന്‍ പൂക്കള്‍ക്കാണും. ഉണങ്ങിയ വിത്തു കിളിര്‍പ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. സ്വദേശം വിദേശമാണെങ്കിലും മലയാളത്തിന്റെ സ്വന്തം പൂവായി രാജമല്ലി എന്നേ മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കവികളും ഗാനരചയി താ ക്കളുമെല്ലാം രാജമല്ലിയെ തങ്ങളുടെ കവിതകളിലും ഗാനങ്ങളിലും ഇഷ്ടം പോലെ പ്രതിഷ്ഠിക്കുന്നുണ്ട്. രാജമല്ലിപ്പൂ ചിരിച്ചു.... എന്ന് പി. സുശീല പാടിയ ഹിറ്റ് ഗാനം പഴയ തലമുറയുടെ ഇഷ്ട ഗാനമായിരുന്നു. അനിയത്തി പ്രാവിലെ ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനം വലിയ തരംഗമാണ് തൊണ്ണുറുകളില്‍ സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha