അബൂദാബി സ്കൂളുകളില്‍ ആരോഗ്യം പാഠ്യവിഷയമാക്കുന്നു
അബൂദാബിയിലെ സ്കൂളുകളില്‍ ആരോഗ്യ വിദ്യാഭ്യാസം നിര്‍ബന്ധിത വിഷയമാക്കാന്‍ ഒരുങ്ങുന്നു. കിന്റര്ഗാര്ട്ടന് തലം മുതല്‍ പന്ത്രണ്ടാം തലം വരെ പബ്ളിക് സ്കൂളുകളില്‍ ഇത് നടപ്പാക്കാനാണ് പദ്ധതിയെന്ന് അബൂദബി എജ്യുക്കേഷന്‍ കൗണ്‍സില്‍ ഹെല്‍ത്ത് മാനേജര്‍ അറിയിച്ചു. സിലബസ് തയാറാക്കല്‍ അടക്കം നടപടികള്‍ പുരോഗമിക്കുകയാണ്. 2016-17 വര്‍ഷം ഇത് ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈയില്‍ അറബ് ആരോഗ്യ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സംവിധാനത്തോട് ചേര്‍ന്ന് നില്ക്കുന്ന പ്രത്യേക പദ്ധതിയായി ഇത് നടപ്പിലാക്കാനാണ് നീക്കം. ഇത് നടപ്പിലാക്കുമ്പോള്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് സമര്‍പ്പണ മനോഭാവം വേണ്ടതുണ്ട്. കുട്ടികള്‍ക്ക് അവര്‍ മാതൃകകള്‍ ആയിരിക്കണം. സര്‍ക്കാരും വിവിധ ഏജന്‍സികളുമായി സഹകരിച്ചാകും ഈ വമ്പന്‍ പദ്ധതി നടപ്പിലാക്കുകയെന്നും ഡോ. അമെര്‍ അല്‍ കിന്ദി പറഞ്ഞു. ബോധവത്കരണ കാമ്പയിനുകള്‍ ഫലം കാണുന്നില്ളെന്ന തിരിച്ചറിവാണ് ബദല്‍ മാര്‍ഗത്തെ കുറിച്ച ആലോചനക്ക് പ്രേരിപ്പിച്ചത്. കുട്ടികളില്‍ പെരുമാറ്റ രൂപവത്കരണത്തിനൊപ്പം നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും പുതിയ സംരംഭത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
സ്കൂള്‍ കാന്റീനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭക്ഷണം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അഡെക്ക് നടപടിയെടുത്ത് വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha