കുവൈറ്റിലെ കുടുംബ താമസ മേഖലകളില്‍ ബാച്ചിലേഴ്‌സ് താമസിച്ചാല്‍ 10,000 ദീനാര്‍ പിഴ

കുവൈറ്റിലെ കുടുംബ താമസ മേഖലയില്‍ താമസിക്കുന്ന ബാച്ചിലര്‍മാരില്‍നിന്നും അതിന് ഒത്താശ ചെയ്യുന്ന കെട്ടിട ഉടമകളില്‍നിന്നുമായി 10,000 ദീനാര്‍ പിഴചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് സബീഹ് അറിയിച്ചു. ഇതിനായി 1992ലെ താമസ നിയമത്തില്‍ മാറ്റം വരുത്താന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന് നിയമ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രാബല്യത്തില്‍ വരും.
ഇത്തരം കേന്ദ്രങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങളില്‍ ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയതിന് പിന്നാലെ കനത്ത പിഴ ചുമത്താന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതോടെ സ്വദേശികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് മരണമണി മുഴങ്ങുമെന്നുറപ്പായി.
നിയമ ലംഘനം നടത്തുന്ന കെട്ടിടങ്ങള്‍ക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തലാക്കുമെന്നും താമസക്കാരെ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സഹായത്തോടെ ഒഴിപ്പിക്കുമെന്നും സബീഹ് മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ അനധികൃത ബാച്ചിലര്‍മാര്‍ താമസമൊരുക്കുന്നത് കൂടാതെ റസ്‌റ്റോറന്റുകളും കഫറ്റീരിയകളും ബഖാലകളുമൊക്കെ സ്ഥാപിച്ച് വാണിജ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതോടെ, മേഖലയില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇത് പലപ്പോഴും പൊതുസുരക്ഷക്ക് വിഘാതമാവുകയും പല അനധികൃത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വളംവെക്കുകയും ചെയ്യുന്നു എന്ന പരാതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അടുത്തിടെ അധികൃതര്‍ തീരുമാനിച്ചത്. സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന മേഖലകളില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha