പോരാട്ടം കടുക്കുന്നു: ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖത്ത് പ്രവേശിക്കുന്നതിന് സൗദി അനുമതി നിഷേധിച്ചു

യെമനില്‍ പോരാട്ടം അതി രൂക്ഷമാകുന്നു. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ തങ്ങുന്ന യെമനിലെ തുറമുഖ നഗരമായ ഹുദൈദയില്‍ ഹൂതി വിമതരും സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ഇതോടെ കപ്പല്‍മാര്‍ഗ്ഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളും അവതാളത്തിലായി.
യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ രണ്ട് കപ്പലുകള്‍ക്ക് ഹുദൈദ തുറമുഖത്ത് പ്രവേശിക്കുന്നതിനാണ് സൗദിഅറേബ്യ അനുമതി നിഷേധിച്ചത്. ഇന്ത്യയുടെ രണ്ട് കപ്പലുകളും ഇപ്പോള്‍ ഹുദൈദ തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടിരിക്കുകയാണ്. 250 വീതം ആളുകളുമായി കൊച്ചിയിലേക്കും മുംബൈയിലേക്കും പോകേണ്ട കപ്പലുകളാണ് അനുമതി കാത്ത് കിടക്കുന്നത്. 500 ഓളം ഇന്ത്യാക്കാര്‍ കപ്പലിനായി ഹുദൈദ തുറമുഖത്ത് കാത്തിരിക്കുകയാണ്. ഹുദൈദിയില്‍ ഹോട്ടലുകളിലും മറ്റുമായി തങ്ങുന്ന പലര്‍ക്കും എപ്പോള്‍ ഇന്ത്യന്‍ കപ്പല്‍ എത്തുമെന്നു പോലും അറിയാത്ത സ്ഥിതിയിലാണ്.
യെമനില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈനിക ഇടപെടല്‍ നിര്‍ത്തിവെക്കാനുള്ള ഇറാന്റെ ആവശ്യം സൗദി അറേബ്യ കഴിഞ്ഞദിവസം തള്ളിയിരുന്നു. യെമനില്‍ ഇറാന്‍ ഇടപെടേണ്ടെന്ന് സൗദി വ്യക്തമാക്കുകയുമുണ്ടായി. യെമനിലെ വിമതര്‍ക്കുനേരേ തങ്ങള്‍ നടത്തുന്ന ആക്രമണം നിര്‍ത്തിവെക്കാന്‍ ഇറാന് എങ്ങനെ പറയാനാവുമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ ചോദിച്ചു. യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കാനാണ് തങ്ങള്‍ യെമനിലെത്തിയത്. ഇറാന് യെമന്റെ ചുമതലയൊന്നുമില്ലല്ലോ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അടുക്കേണ്ടുന്ന ഹുദൈദ തുറമുഖത്ത് പോരാട്ടം രൂക്ഷമായതോടെ നാട്ടിലേക്ക് തിരിക്കാന്‍ ഇവിടെ എത്തിയിരിക്കുന്നവരും കടുത്ത ആശങ്കയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha