ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ നാടുകടത്തും

കുവൈറ്റില്‍ ലൈസന്‍സില്ലാത്ത വിദേശികള്‍ വാഹനമോടിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം 23ന് പ്രാബല്യത്തിലായതോടെ പിടിയിലായവരുടെ നാടുകടത്തല്‍ നടപടി തുടങ്ങി. ഇതേവരെ നാല് വിദേശികളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോര്‍ട്ടും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഹാജരാക്കാന്‍ സ്‌പോണ്‍സര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. നിയമം പ്രാബല്യത്തിലാകുന്നതിനു മുന്‍പ് പിടിയിലായവരെ നാടുകടത്തില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
അതിനിടെ, നിയമവിരുദ്ധമായ 9000 ഡ്രൈവിങ് ലൈസന്‍സുകള്‍ ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് അര്‍ഹതയുള്ള തസ്തികയിലിരിക്കെ ലൈസന്‍സ് നേടിയവര്‍ ജോലി മാറിയ ശേഷം ഇതിന് അര്‍ഹതയില്ലാത്തവരായി. കുടുംബവീസയുടെ പേരില്‍ സമ്പാദിച്ച ലൈസന്‍സ് തൊഴില്‍വീസയിലേക്ക് മാറിയിട്ടും ഒഴിവാക്കാത്തവരുണ്ട്. ഇത്തരം ലൈസന്‍സുകളാണ് റദ്ദാക്കിയത്.
ഗാര്‍ഹികത്തൊഴിലുമായി ബന്ധപ്പെട്ട ഡ്രൈവര്‍, കമ്പനികളിലെ ഡ്രൈവര്‍മാര്‍, മന്‍ദൂബുമാര്‍ (പിആര്‍ഒ) തുടങ്ങിയവര്‍ക്ക് ഉപാധികളില്ലാതെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. എന്നാല്‍ മറ്റുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ പ്രതിമാസം 400 ദിനാര്‍ ശമ്പളം, സര്‍വകലാശാലാ ബിരുദം, കുവൈത്തില്‍ രണ്ടുവര്‍ഷം താമസം എന്നിവ നിര്‍ബന്ധമാണ്. ഉപാധികളൊന്നും ബാധകമല്ലാത്ത തസ്തികകളുടെ ഭാഗമായി നേടുന്ന ഡ്രൈവിങ് ലൈസന്‍സ് ഉപാധികള്‍ നിര്‍ബന്ധമുള്ള തസ്തികയിലേക്ക് മാറുന്നതോടെ ഒഴിവാക്കണമെന്നാണു നിയമം.
അതു പാലിക്കാതെയുള്ള ലൈസന്‍സുകളാണ് റദ്ദാക്കിയത്. അതേസമയം ഡ്രൈവിങ് ലൈസന്‍സിനുള്ള വിദേശികളുടെ അപേക്ഷകള്‍ കുറഞ്ഞതായി മന്ത്രാലയം ഗതാഗതവിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഹന്ന അറിയിച്ചു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അയോഗ്യരായവരും ലൈസന്‍സ് നേടുന്ന രീതി കര്‍ശനമായി തടയുന്നതിന്റെ ഫലമാണിത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തുന്നതുപോലെ സ്വകാര്യവാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha