ഏവർക്കും ആശ്വാസം നൽകുന്ന വിസാ സമ്പ്രദായവുമായി യുഎഇ; വിനോദസഞ്ചാര മേഖലയ്ക്കും പുത്തനുണർവു പകർന്ന് ഒരു വർഷ കാലാവധിയുള്ള റിമോട്ട് വർക്ക് വീസയും 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും അനുവദിച്ചു

റിമോട്ട് വർക് വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ എന്നിവയിലൂടെ ആഗോള വിദഗ്ധർക്കും നിക്ഷേപകർക്കും മുന്നിൽ വലിയ അവസരങ്ങളുടെ വാതിൽ തുറക്കുകയാണ് യുഎഇ. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വന്നത്. ഒരു വർഷ കാലാവധിയുള്ള റിമോട്ട് വർക്ക് വീസയും 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും വിനോദസഞ്ചാര മേഖലയ്ക്കും പുത്തനുണർവു പകരുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
യുഎഇ അധികൃതർ പറയുന്നത് അനുസരിച്ച് സ്വന്തം സ്പോൺസർഷിപ്പിലാണ് ടൂറിസ്റ്റ് വീസ നൽകുന്നത്. ലോകത്തെ ഏതു രാജ്യത്തെ ജോലിയും യുഎഇയിലിരുന്ന് ചെയ്യാൻ അവസരമൊരുക്കുന്നതിലൂടെ അതിവിദഗ്ധരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ വൈദഗ്ധ്യമുള്ളവരുടെ കേന്ദ്രമായി യുഎഇ മാറാനും ഇതു വഴിയൊരുക്കുന്നതാണ്. ആഗോള വ്യാപാര കേന്ദ്രമായ യുഎഇയ്ക്ക് ഇത് കൂടുതൽ ശക്തി പകരും. ഇതിനായി വിവിധ രാജ്യങ്ങളിലെ കമ്പനി ജീവനക്കാർക്കു ജോലി ചെയ്യാവുന്ന വിധം സർവ സജ്ജീകരണങ്ങളുള്ള സ്ഥലം ലഭ്യമാക്കും. വിവിധ എമിറേറ്റുകളിൽ ഇത്തരം സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഒന്നോ രണ്ടോ ജീവനക്കാരുള്ള കമ്പനികൾക്കു വൻതുക മുടക്കി സ്വന്തം പേരിൽ ഓഫിസോ മറ്റോ തുടങ്ങുന്നതിനു പകരം ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വീസയ്ക്കും ചെലവ് കുറയും. വിവിധ രാജ്യക്കാർ യുഎഇയിൽ താമസിച്ചു ജോലി ചെയ്യുന്നത് സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റത്തിനൊപ്പം സമ്പദ് വ്യവസ്ഥയിലും ചലനമുണ്ടാക്കും. കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം എന്ന ആശയത്തിൽ നിന്നാണ് ആഗോള തലത്തിൽ റിമോട്ട് വർക്ക് ഫ്രം യുഎഇ എന്നതിലേക്ക് അധികൃതരെ നയിച്ചത് തന്നെ. ലോകോത്തര ജീവിത നിലവാരം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, ഏതു രാജ്യങ്ങളിലേക്കും എളുപ്പത്തിലുള്ള കണക്ടിവിറ്റി എന്നിവയാണ് യുഎഇയുടെ ആകർഷണം എന്നത്.
എന്നാൽ ഇത് ആർക്കൊക്കെ ഗുണകരമാകും എന്നതിൽ പല പ്രവാസികൾക്കും സംശയമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് ഓഫിസ് അടച്ചുപൂട്ടേണ്ടിവന്ന കമ്പനികൾക്കും റിമോട്ട് വർക്ക് വീസയിലൂടെ നിയമവിധേയമായി ബിസിനസ് തുടരാനാകും. സെയിൽസ് മാനേജർ, അക്കൗണ്ട് മാനേജർ തുടങ്ങിയവർക്കും ഇതു ഗുണം ചെയ്യും. എക്സ്പോ 2020 പോലുള്ള വമ്പൻ പദ്ധതികൾക്കും പുതിയ വീസ കരുത്തുപകരും.
ഇതുകൂടാതെ മൾട്ടിപ്പിൾ എൻട്രി വീസയിലൂടെ എത്തുന്നവർക്ക് തുടർച്ചയായി 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സാധിക്കും. ആവശ്യമെങ്കിൽ തുല്യകാലയളവിലേക്കു പുതുക്കാവുന്നതുമാണ്. രാജ്യംവിട്ടശേഷം ഇതേ വീസയിൽ വീണ്ടും തിരിച്ചെത്തി ഇത്രയും കാലം താമസിക്കാം. ആയതിനാൽ തന്നെ എല്ലാ രാജ്യക്കാർക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ നൽകിയത് സഞ്ചാരികളുടെ ഒഴുക്കിനും കാരണമാകുകയാണ്.
https://www.facebook.com/Malayalivartha