വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി; കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി, ഏപ്രിൽ 30 വരെയെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

അന്തരാഷ്ട്ര യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കി ഇന്ത്യയുടെ തീരുമാനം. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏപ്രിൽ 30 വരെയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് വിലക്ക് ബാധമാകില്ല.
കൂടാതെ അന്തര്‍ സംസ്ഥാന യാത്രകൾ തടയരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം കാർഗോ വിമാനങ്ങൾക്കും പ്രത്യേക സാഹചര്യത്തില്‍ സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്കുണ്ടാകില്ല. രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ് കേസുകളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് വിലക്ക് നീട്ടിയതെന്നാണ് സൂചന.
വിലക്ക് തുടരുമെങ്കിലും ഇരുപതോളം രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ അതാത് രാജ്യങ്ങളിലേക്കുള്ള സർവീസ് ഉണ്ടാകുന്നതാണ്. യുഎസ്, ജർമനി, ഫ്രാൻസ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് ഇന്ത്യ എയർ ബബിൾ കരാറുണ്ടാക്കിയിരിക്കുന്നത്. 2020 ജൂലൈ മുതൽ ആണ് എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസുകൾ ഇന്ത്യ ആരംഭിച്ചത് തന്നെ. ഇതുവഴി നിരവധി യാത്രക്കാരാണ് യാത്ര ചെയ്തുവരുന്നത്.
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചതോടെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23നാണ് വിമാന സർവീസുകൾ നിർത്തലാക്കിയത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പലതവണയായി കേന്ദ്ര സർക്കാർ നൽകിയെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് പലതവണയായി നീട്ടുകയാണ് ചെയ്‍തത്.
അതേസമയം കോവിഡ് -19 വൈറസിന്റെ യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ എന്നീ വകഭേദങ്ങളിൽ 795 കേസുകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള 795 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്‌തു. ഈ സാഹചര്യത്തിലാണ് വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടിയതെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha