ഷെയ്ഖ് ഹംദാന് കണ്ണീരോടെ വിടചൊല്ലി ഗൾഫ് മേഖല; യുഎഇ സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കൊരുങ്ങുന്ന വേളയിലുള്ള ശൈഖ് ഹംദാന്റെ വിയോഗം, ദുബൈയിൽ പത്തു ദിവസത്തെ ദു:ഖാചരണം, വ്യാഴാഴ്ച മുതൽ മൂന്നു ദിവസം ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുമെന്ന് അധികൃതർ

ഇന്നലെ രാവിലെ അന്തരിച്ച ദുബായ് ഉപ ഭരണാധികാരിയും യുഎഇ ധന–വ്യവസായ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭൗതിക ശരീരം കബറടക്കി. സാബീൽ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഉമ്മു ഹുറൈർ ഖബര്‍സ്ഥാനിലായിരുന്നു അടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മക്തൂം കുടുംബത്തിലെ മറ്റംഗങ്ങൾ തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചു.
യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, ദുബായ് മീഡിയാ കൗൺസിൽ, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ എന്നിവയുടെ ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് സഇൗദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ദുബായ് ലാൻഡ് തലവൻ ഷെയ്ഖ് മുഹമ്മദ് ബൻ ഖലീഫ അൽ മക്തൂം, മറ്റു ഷെയ്ഖുമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു. ഇന്ന് രാത്രി എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥന നടത്താൻ ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ സ്വീകരിച്ചുവേണം പള്ളിയിലെത്താനെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ് ശൈഖ് ഹംദാൻ. 1945 ഡിസംബർ 25ന് ജനനം. അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ഉപരി പഠനം.ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആൽ മക്തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ് നാചുറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെൻറർ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്നനിലയിലും വലിയ സംഭാവനയാണ് നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ യുഎഇ സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കൊരുങ്ങുന്ന വേളയിലുള്ള ശൈഖ് ഹംദാന്റെ വിയോഗം സ്വദേശികളിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലും കണ്ണീർ പടർത്തി. ദുബൈയിൽ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.
https://www.facebook.com/Malayalivartha