കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം 2,25,980 ആയി വര്‍ധിച്ചതായും മരണ സംഖ്യ 1,270 ആയതായും ആരോഗ്യ മന്ത്രാലയം

കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,548 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതോടൊപ്പം 12 പേര്രാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2,25,980 ആയി വര്‍ധിച്ചതായും മരണ സംഖ്യ 1,270 ആയതായും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
14,686 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 242 പേര്‍ അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് പറഞ്ഞു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനാവില്ലെന്ന് കൊറോണ സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാ കഴിഞ്ഞ ദിവസം അറിയിച്ചു. എപ്പിഡെമിയോളജിക്കല്‍ സര്‍വൈലന്‍സ് സംഘങ്ങള്‍ നടത്തിയ സര്‍വേയില്‍ ഈ സ്ഥിതി കുറച്ചുകാലം കൂടി തുടരുമെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ റമദാനിലും രാത്രികാല കര്‍ഫ്യൂ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കുവൈറ്റ് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തുടരുന്ന രാത്രികാല കര്‍ഫ്യൂവില്‍ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. നിലവില്‍ മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കുവൈറ്റിലാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്തുണ്ടായിരുന്നതിന് സമാനമായ സാഹചര്യമാണ് കുവൈറ്റിലെ ഇപ്പോഴത്തെ സ്ഥിതി എന്നതാണ് ലഭ്യമാകുന്ന വിവരം. വൈകിട്ട് അഞ്ചു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയുണ്ടായിരുന്ന കര്‍ഫ്യൂ കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണി മുതലാക്കിയിട്ടുണ്ടെങ്കിലും ഇത് കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha