ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിരോധനം നിലനില്‍ക്കുന്ന 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് സൂചന നല്‍കി സൗദി; യാത്രാ വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്ന വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്തയ്ക്ക് വിരാമം കുറിച്ച് സൗദി അറേബ്യ. ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിരോധനം നിലനില്‍ക്കുന്ന 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് സൂചന നല്‍കി സൗദി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യാത്രാ വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്ന വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാണ് ഇതിലേക്ക് സൂചന നല്‍കിയത്. സൗദി വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലുള്ളവരെ പരിഗണിക്കില്ലെന്നതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതായത് യാത്രാവിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാര്‍ക്ക് മെയ് 20 മുതലാണ് ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ നിര്‍ബന്ധമാക്കിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനാണ് നിര്‍ബന്ധമാക്കിയിരിക്കിയിട്ടുള്ളത്. നേരത്തേ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മാത്രം മതിയായിരുന്നു. പുതുതായി എത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഹോട്ടലുകള്‍ ഒരുക്കിയിട്ടുമുണ്ട്.
ഇതിനു പുറമെ സൗദിയിലെത്തിയ ദിവസവും ക്വാറന്റൈന്‍ കഴിയുന്ന ഏഴാമത്തെ ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കുകയും വേണം. അതോടൊപ്പം കൊവിഡ് രോഗം കൂടി കവര്‍ ചെയ്യുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടായിരിക്കണമെന്നും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഏതാനും വിഭാഗങ്ങളെ നിര്‍ബന്ധിത ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വദേശികളും അവരുടെ ജീവിത പങ്കാളികള്‍, മക്കള്‍, ഗാര്‍ഹികത്തൊഴിലാളികള്‍ എന്നിവരുമാണ് ഒഴിവാക്കപ്പെട്ടവരില്‍ ഒരു വിഭാഗം. വാക്‌സിന്‍ സ്വീകരിച്ച പ്രവാസിക്കൊപ്പം വരുന്ന വാക്‌സിന്‍ സ്വീകരിക്കാത്ത വീട്ടുജോലിക്കാര്‍, വാക്‌സിനെടുത്ത യാത്രക്കാര്‍, ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍, നയതന്ത്ര വിസയുള്ളവരും അവരുടെ കുടുംബങ്ങളും, വിമാന-കപ്പല്‍ ജീവനക്കാര്‍, തുറമുഖങ്ങളില്‍ നിന്നുള്ള ട്രക്ക് ഡൗവര്‍മാരും അവരുടെ സഹായികളും, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാര്‍ എന്നിവരെയാണ് ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























