'പ്രിയപ്പെട്ടാ അമ്മേ, അങ്ങയുടെ മരണം എന്റെ ഹൃദയത്തെ പാടേ തകർത്തിരിക്കുന്നു. ഞാൻ ജീവിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടി മാത്രമായിരുന്നല്ലോ...' കോവിഡ് മഹാമാരി പ്രിയപ്പെട്ട മാതാവിന്റെ അടുത്ത കൂട്ടുകാരന്റെയും ജീവൻ കവർന്നു; ദുഃഖം സഹിക്കാനാകാതെ യുവാവ് ട്രെയിനിനു മുൻപിൽ ചാടി മരിച്ചു

കോവിഡ് മഹാമാരി പ്രിയപ്പെട്ട മാതാവിന്റെ അടുത്ത കൂട്ടുകാരന്റെയും ജീവൻ കവർന്നു, ദുഃഖം സഹിക്കാനാകാതെ യുവാവ് ട്രെയിനിനു മുൻപിൽ ചാടി മരിച്ചു. ഇൗജിപ്ഷ്യൻ കുടുംബത്തിലെ 21കാരനാണ് ഇത്തരത്തിൽ കടുംകൈ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ഇയാളുടെ മാതാവ് ഒരു മാസം മുൻപ് കോവിഡ്19 ബാധിച്ച് മരിക്കുകയായിരുന്നു. അതിന് കുറച്ച് നാൾ മുൻപ് ആത്മാർഥ സുഹൃത്തും മഹാമാരി മൂലം മരണമടഞ്ഞു. ഇൗ രണ്ടു സംഭവത്തിനും ശേഷം യുവാവ് മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ജീവനൊടുക്കുന്നതിനു മുൻപ് യുവാവ് ഫെയ്സ് ബുക്കിൽ വികാരതീവ്രമായ ഒരു പോസ്റ്റിടുകയും ചെയ്തു.
കുറിപ്പ് ഇങ്ങനെയാണ്; എന്നെക്കുറിച്ച് ഇനിയൊരിക്കലും നിങ്ങള്‍ എന്തെങ്കിലും വിവരം അറിഞ്ഞില്ലെങ്കിൽ എന്നോട് ക്ഷമിക്കുക, എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുക. പ്രിയപ്പെട്ടാ അമ്മേ, അങ്ങയുടെ മരണം എന്റെ ഹൃദയത്തെ പാടേ തകർത്തിരിക്കുന്നു. ഞാൻ ജീവിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടി മാത്രമായിരുന്നല്ലോ. അമ്മയുടെ ഇൗ പെരുന്നാൾ സ്വർഗത്തിലാണെന്നറിയാം. നിത്യശാന്തി നേരുന്നു.– കുറിപ്പ് വായിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കണ്ണീരടക്കാനാകുന്നില്ല.
അതേസമയം യുഎഇയിൽ ഇൗ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതു റമസാന് ശേഷം രോഗികൾ ഗണ്യമായി കുറയുമെന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 1,302 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3 പേർ മരിച്ചതോടെ ആകെ മരണം 1,629 ആയി. ആകെ രോഗികൾ–5,44,931. രോഗമുക്തി നേടിയവർ–5,25,080. ചികിത്സയിലുള്ളവർ–18,222. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha


























