സൗദിക്ക് പിന്നാലെ കുവൈറ്റും; മൂന്നര മാസത്തോളമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും രാജ്യത്തെ തുറമുഖങ്ങളും തുറന്നു; എന്നാൽ ഇന്ത്യ? പ്രവാസികൾക്ക് ഇനിമുതൽ നേരിട്ട് നാട്ടിലേക്ക് മടങ്ങാം...

മൂന്നര മാസത്തോളമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും രാജ്യത്തെ തുറമുഖങ്ങളും ഒരു മാസത്തിനകം പൂര്‍ണമായും തുറക്കുമെന്ന് അധികൃതർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സൗദി അറേബ്യയുടെ നിർണായക തീരുമാനത്തിന് പിന്നാലെ കുവൈറ്റും വിലക്ക് നീക്കുന്നുവെന്ന വാർത്തയുമായി രംഗത്ത് എത്തുകയായിരുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ തീരുമാനം അധികൃതര്‍ പിന്‍വലിച്ചു.
ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രവിമാനങ്ങള്‍ക്കും കുവൈറ്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മെയ് ആദ്യത്തില്‍ കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടത്. നിലവില്‍ മൂന്നാമതൊരു രാജ്യം വഴിയാണ് ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പോയിരുന്നത്. വിലക്ക് നീങ്ങിയതോടെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ട്രാവല്‍സുകള്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ നാട്ടിലുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് വരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവില്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ കുവൈറ്റിലെത്തുന്നത്. യാത്രാവിമാനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഗോ വിമാനങ്ങള്‍ അനുവദിക്കും.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമേ രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ നിലയിലേക്ക് തിരിച്ചുപോകാനാവൂ എന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുവൈത്ത് വിമാനത്താവളം ഭാഗികമായി മാത്രം പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഫെഡറേഷന്‍ ഓഫ് കുവൈറ്റി ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സീസ് ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുതൈരി രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. വാക്‌സിനെടുത്ത യാത്രക്കാരെ പ്രവേശിക്കുന്നതിന് അനുവാദം നല്‍കാതിരുന്ന സര്‍ക്കാര്‍ തീരുമാനം വലിയ അബദ്ധമായെന്നും വിമാനത്താവളത്തിലെ അനാവശ്യമായ നിയന്ത്രണങ്ങള്‍ നീക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ മാസവും വിമാനത്താവളത്തിലെത്തുന്ന 12 ലക്ഷം യാത്രക്കാരെയാണ് ഈ നടപടി മൂലം നഷ്ടമായത്. ഇത് ടൂറിസം, വ്യോമയാന മേഖലകളെ സാരമായി ബാധിച്ചു.
അതിനിടെ, സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മെയ് 22 നു ശേഷം കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ അവര്‍ വാക്‌സിനെടുത്തവരായിരിക്കണമെന്ന് മന്ത്രിസഭ വ്യവസ്ഥ ചെയ്തിരുന്നു. ഇതുപ്രകാരം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ എടുത്ത് അഞ്ചാഴ്ച കഴിഞ്ഞവര്‍ക്കും ആദ്യ ഡോസ് എടുക്കുകയും പിന്നീട് കൊവിഡ് മുക്തിനേടി രണ്ടാഴ്ച പിന്നിടുകയും ചെയ്തവര്‍ക്കാണ് കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാവുക. വാക്‌സിനെടുക്കാന്‍ അര്‍ഹതയില്ലാത്ത കുട്ടികളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























