ആശങ്കൾക്ക് പിന്നാലെ ആശ്വാസതീരത്ത് പ്രവാസികൾ; അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്കളാഴ്ച പുലർച്ചെ ഒരു മണിമുതൽ തുറന്നു, പ്രത്യേക യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് സൗദി വിമാനത്താവളങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള വിമാന സര്‍വിസുകൾ പുനരാരംഭിരംഭിച്ചു

കൊവിഡ് മഹാമാരി വ്യാപകമായതിനെത്തുടർന്ന് സൗദിയിൽ നിലനിന്നിരുന്ന അന്താരാഷ്‌ട്ര യാത്ര വിലക്ക് പ്രവാസികളെ സന്തോഷത്തിലാഴ്ത്തി കഴിഞ്ഞ ദിവസം പിൻവലിക്കുകയുണ്ടായി. അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്കളാഴ്ച പുലർച്ചെ ഒരു മണിമുതൽ തുറക്കുകയായിരുന്നു അധികൃതർ. ഇതോടെ പ്രത്യേക യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് സൗദി വിമാനത്താവളങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള വിമാന സര്‍വിസുകൾ പുനരാരംഭിരംഭിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോസ്നിയന്‍ തലസ്ഥാനമായ സരാജാവോയിലേക്കാണ് ആദ്യവിമാനം പറന്നുയര്‍ന്നത്. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പുറപ്പെട്ടത് ആംസ്റ്റർഡാമിലേക്കാണ്.
കെ.എൽ.എം എയർലൈൻസിന്റെ ആദ്യവിമാനത്തിൽ പുറപ്പെടാനെത്തിയവരെ പൂക്കൾ നൽകിയാണ് ദമ്മാം വിമാനത്താവള അധികൃതർ യാത്രയയച്ചത് തന്നെ. ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ വിമാന സർവീസ് കയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു പുറപ്പെട്ടത്. 92 യാത്രക്കാരുള്ള വിമാനത്തിൽ 23 സ്വദേശികളും ഉണ്ടായിരുന്നു. തിങ്കളാഴ്ച മാത്രം രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 385 അന്താരാഷ്ട്ര സർവിസുകൾ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിനിടെ മുമ്പ് പ്രഖ്യാപിച്ചതിന് പുറമെ വിദേശ യാത്രക്കായി വിമാനത്താവളത്തിലെത്തുന്നവർ പാലിക്കേണ്ട കൂടുതൽ നിബന്ധനകൾ ജി.എ.സി.എ പുറത്തുവിടുകയുണ്ടായി.
അതേസമയം രാജ്യത്തിന്റെ പ്രധാന കരമാർഗമായ ബഹ്റൈനുമായി സൗദിയെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിലാണ് ഏറ്റവുമധികം യാത്രക്കാരെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് 8ന് അടച്ചിട്ട കോസ്‌വേ തുറന്നത് ആഘോഷമാക്കിയിരിക്കുകയാണ് സൗദിയിലെയും ബഹ്‌റൈനിലെയും ജനങ്ങൾ. ഇരു രാജ്യങ്ങളിലുമുള്ളവർക്ക് പോക്കുവരവിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാതയാണ് കിങ് ഫഹദ് കോസ്‌വേ എന്നത്. ഇന്നലെ പുലർച്ചെ ഒന്നിനാണ് കോസ്‌വേ തുറന്നത്. അതിനും മണിക്കൂറുകൾക്ക് മുൻപ് തന്നെ ഇരു ഭാഗങ്ങളിലും നൂറുകണക്കിന് വാഹനങ്ങൾ കോസ്‌വേയിൽ പ്രവേശിക്കുന്നതിനായി എത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിച്ചാണ് കോസ്‌വേയിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























