\'അല്‍ റീം ഗോസ്റ്റി\'ന്റെ വധശിക്ഷ നടപ്പിലാക്കി

യുഎസ് സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ \'അല്‍ റീം ഗോസ്റ്റ്\' എന്നറിയപ്പെടുന്ന യുഎഇ വനിത അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി (28)യുടെ വധശിക്ഷ നടപ്പിലാക്കി. സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജനറല്‍ അഹ്മദ് അല്‍ ധന്‍ഹാനിയാണ് ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ വെടിവച്ച് കൊന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. യുഎഇയില്‍ ആദ്യമായാണു വനിതയ്ക്കു വധശിക്ഷ നടപ്പിലാക്കുന്നത്.
2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്‍ഡ് ബൗതിഖ് മാളിലെ വനിതാ ശുചിമുറിയിലാണ് ഇബോള്‍യാ റയാന്‍ (37) എന്ന നഴ്‌സറി അധ്യാപിക കൊല്ലപ്പെട്ടത്. പ്രകോപനമൊന്നുമില്ലാതെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതുമാണു കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. കൊലപാതകം നടത്തിയശേഷം മുഖാവരണം മറയാക്കി പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊലപാതകത്തിനുശേഷം മറ്റൊരിടത്തു സ്‌ഫോടനമുണ്ടാക്കാനായി ഇവര്‍ കയ്യില്‍ ബോംബും കരുതിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഖാലിദിയ കോര്‍ണിഷിലെ അലി ആന്‍ഡ് സണ്‍സ് ബില്‍ഡിങ്ങില്‍ ഈജിപ്ഷ്യന്‍അമേരിക്കന്‍ ഡോക്ടറുടെ ഫ്‌ലാറ്റിനു മുന്നില്‍ അപായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. റിമോട്ടിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് അന്നു ദുരന്തം ഒഴിവായത്.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യുഎഇയുടെ അഭിമാനപൂര്‍വമായ ചരിത്രം എല്ലാ അവസരങ്ങളിലും സുരക്ഷിതമായിത്തന്നെ തുടരുമെന്നു വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജഡ്ജി ഫലാഹ് അല്‍ ഹാജിരി പറഞ്ഞിരുന്നു. പ്രതിയുടെ ലക്ഷ്യം രാജ്യത്തിന്റെ എല്ലാ സല്‍പേരിനെയും ഭദ്രതയെയും തകിടം മറിക്കുക എന്നതായിരുന്നു.
അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈയില്‍ കരുതിയതും അവ ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതുമടക്കം ഗുരുതരമായ എട്ടു കുറ്റങ്ങളാണു പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കണ്ടെത്തിയത്. വ്യാജ പേരില്‍ നിര്‍മിച്ച ഇ മെയില്‍ ഉപയോഗിച്ച് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങളും മുദ്രകളും ഉള്‍പ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങിയവയാണ് മറ്റു പ്രധാന കുറ്റങ്ങള്‍. സുപ്രീം കോടതിയില്‍ കൊലക്കുറ്റത്തിനു വിചാരണ നേരിട്ടിരുന്ന പ്രതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ജിന്ന് ബാധമൂലം ബുദ്ധിഭ്രമം സംഭവിച്ചിട്ടുണ്ടെന്ന് വിചിത്രവാദവും ഉന്നയിച്ചിരുന്നു. ജയിലില്‍ കുറേ ആളുകള്‍ തന്നെ മര്‍ദ്ദിച്ചതായും വെളിപ്പെടുത്തി. മര്‍ദ്ദിച്ചെന്ന അവകാശവാദം തെളിയിക്കുന്ന അടയാളങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. എട്ടു കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha