അബുദാബിയില്‍ ഇനി വഴിതെറ്റാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചേരാം

റോഡിന്റെ പുതിയ പേരും നമ്പരും ഒരുമിച്ചുള്ള ദിശാസൂചികയും സംവിധാനങ്ങളും ആരംഭിച്ചതോടെ തലസ്ഥാന എമിറേറ്റില്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചേരുന്നത് കൂടുതല്‍ എളുപ്പമായി. നഗരത്തിലും നഗരപ്രാന്തങ്ങളിലും റോഡിന്റെ പേരിനൊപ്പം നമ്പറും ചേര്‍ത്ത് ദിശാസൂചികകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. \'എന്റെ വിലാസം\' എന്ന പദ്ധതി\' അബുദാബി സിറ്റി മുനിസിപ്പാലിറ്റി (എഡിഎം) മുനിസിപ്പല്‍ കാര്യ വിഭാഗം (ഡിഎംഎ) എന്നിവ സഹകരിച്ചാണു നടപ്പാക്കുന്നത്. റൂട്ട് നമ്പരുകളും വീഥി നാമങ്ങളും ഒരുപോലെ ഉപയോഗിക്കുന്നതാണു പുതിയ രീതി. ഇതോടെ ഇരട്ട സംഖ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്ന റോഡ് നമ്പരുകളില്‍ മാറ്റമുണ്ടാകും. എമിറേറ്റിലെ പ്രമുഖ നേതാക്കളുടെ പേരിലാണ് അബുദാബിയിലെ റോഡുകള്‍. ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റ് (റൂട്ട് നമ്പര്‍ 18), സുല്‍ത്താന്‍ ബിന്‍ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് (റൂട്ട് നമ്പര്‍ 20) തുടങ്ങിയവ ഉദാഹരണങ്ങള്‍. പ്രാദേശിക സംസ്‌കാരം ഉപേക്ഷിക്കാതെ, ആധുനിക ദിശാസൂചിക സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. ഒരു ദിശയിലേക്ക് ഒറ്റ സംഖ്യയും എതിര്‍ദിശയില്‍ ഇരട്ട സംഖ്യയുമാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെയുള്ള അതേ അക്കങ്ങള്‍ തന്നെയാണ് ഒറ്റ സംഖ്യാ റൂട്ടുകളില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഉദാഹരണം: കോര്‍ണിഷ് സ്ട്രീറ്റ് (റൂട്ട് നമ്പര്‍-1), ഖാലിഫ ബിന്‍ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് (റൂട്ട്-3). എന്നാല്‍ ഇരട്ട സംഖ്യ റൂട്ടുകളില്‍ മാറ്റമുണ്ട്. അല്‍ ബതീന്‍ മേഖലയിലെ ഖാലിഫ അല്‍ മുബാറക് സ്ട്രീറ്റ് (റൂട്ട് നമ്പര്‍ രണ്ട്), കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ് (റൂട്ട് നമ്പര്‍ നാല്), അല്‍ ബതീന്‍ സ്ട്രീറ്റ് (റൂട്ട് നമ്പര്‍ ആറ്), ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് (റൂട്ട് നമ്പര്‍ 24) തുടങ്ങിയവ ഉദാഹരണങ്ങള്‍.
കെട്ടിടങ്ങള്‍ക്കും വില്ലകള്‍ക്കും വിലാസവും ക്യു ആര്‍ കോഡും
പതിനേഴായിരം റോഡ് നാമങ്ങള്‍ കൂടാതെ, കെട്ടിടങ്ങളില്‍ നമ്പര്‍ പ്ലെയിറ്റുകളും സ്ഥാപിക്കുന്നുണ്ട്. 60,000 കെട്ടിട നമ്പര്‍ പ്ലെയ്റ്റുകളുമാണു പുതിയ മേല്‍വിലാസ സംവിധാനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്നത്. അല്‍ ഐനിലും പശ്ചിമ മേഖലയിലും ഈ സംവിധാനം പിന്നീട് ആരംഭിക്കും. ഇടറോഡുകളില്‍ 11,488 റോഡുകളില്‍ ഫലകങ്ങള്‍ സ്ഥാപിക്കുന്നത് 95% പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി സിറ്റിയില്‍ കെട്ടിടങ്ങളിലും വില്ലകളിലും 59,848 വിലാസ നമ്പരുകളും സ്ഥാപിച്ചു. കെട്ടിടങ്ങളില്‍ വിലാസഫലകത്തോടൊപ്പം ക്യു ആര്‍ കോഡും ഉണ്ട്. ക്യു ആര്‍ കോഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു സ്‌കാന്‍ ചെയ്താല്‍ സ്ഥലവിവരങ്ങളും ലഭ്യമായ സേവനങ്ങളും അറിയാനാകും. അടിയന്തര സഹായത്തിനും മറ്റും ഇത് ഉപകരിക്കും. 2030 ഓടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള നഗരമായി മാറാനുള്ള ശ്രമമാണ് എമിറേറ്റ് നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha