യു.എ.ഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാര്‍ക്ക് അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങളിലേക്ക് വരാൻ അനുമതി; പുതിയ നിര്‍ദേശം വന്നതോടെ ദുബായിലും ഷാര്‍ജയിലും വിസയുള്ളവര്‍ക്ക് നേരിട്ട് അബൂദബിയില്‍ ഇറങ്ങാം

പ്രവാസികൾക്ക് ആശ്വാസം നൽകി അബുദാബിയുടെ പുതിയ നിർദ്ദേശം പുറത്ത്. യു.എ.ഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാര്‍ക്ക് അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങളിലേക്ക് വരാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിക്കുകയുണ്ടായി. നേരത്തേ അബൂദബി വിസക്കാർക്ക് മാത്രമായിരുന്നു ഇവിടേക്ക് അനുമതി നൽകിയിരുന്നത്. പുതിയ നിര്‍ദേശം വന്നതോടെ ദുബായിലും ഷാര്‍ജയിലും വിസയുള്ളവര്‍ക്ക് നേരിട്ട് അബൂദബിയില്‍ ഇറങ്ങാവുന്നതാണ്. മറ്റ് എമിറേറ്റുകളില്‍നിന്ന് വിസയെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലിറങ്ങാനും സാധിക്കും.
അതോടൊപ്പം തന്നെ യാത്രക്കാര്‍ ഐ.സി.എയുടെ അനുമതി നേടിയിരിക്കണം. ഇതിനു ശേഷം ഐ.സി.എയുടെ സ്മാര്‍ട്ട് രജിസ്ട്രേഷന് വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യാത്രക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം. വിമാനത്താവളത്തില്നിന്നെടുത്ത റാപിഡ് പരിശോധന ഫലവും വേണം.
കൂടാതെ അബൂദബി വിമാനത്താവളത്തിലും കോവിഡ് പരിശോധന നടത്തണം. വാക്സിനെടുത്തവര്‍ അബൂദബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര് പരിശോധന നടത്തേണ്ടത്. എന്നാല്‍, ക്വാറന്റീന് ആവശ്യമില്ല. വാക്സിനെടുക്കാത്തവര്‍ക്ക് 10 ദിവസം ക്വാറന്റീന് വേണം. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ലെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























