തലയിൽ കൈവച്ച് പ്രവാസികൾ; നിലവിലെ താമസക്കാരുടെ വാടക കുറയ്കാത്തതിനാൽ കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളിലേക്ക് പ്രവാസികൾ താമസം മാറുന്നു, പുതുതായി എത്തുന്നവർക്ക് കെട്ടിട ഉടമകൾ നിരക്ക് കുറച്ചു നൽകുമ്പോൾ നിലവിലെ താമസക്കാരെ പരിഗണിക്കുന്നില്ല

കൊറോണ വ്യാപനം കുറഞ്ഞ് യുഎഇ ഉണർന്നിരിക്കുകയാണ്. ഏവരെയും ആഹ്ളാദത്തിലാഴ്ത്തി ദുബായ് എക്സ്പോ പൊടിപൊടിക്കുന്നു. യുഎഇയിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്കാണ് കാണുവാൻ സാധിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാകുന്നത്. പ്രവാസികൾ നെട്ടോട്ടമോടുന്ന കാഴ്ച....
കടുത്ത പ്രതിസന്ധിയിലേക്ക് പ്രവാസികൾ. നിലവിലെ താമസക്കാരുടെ വാടക കുറയ്കാത്തതിനാൽ കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളിലേക്ക് പ്രവാസികൾ താമസം മാറുകയാണ് ചെയ്യുന്നത്. പുതുതായി എത്തുന്നവർക്ക് കെട്ടിട ഉടമകൾ നിരക്ക് കുറച്ചു നൽകുമ്പോൾ നിലവിലെ താമസക്കാരെ പരിഗണിക്കാത്തതാണ് മാറ്റത്തിനു കാരണമായി പറയുന്നത്.
ഇങ്ങനെ മാറുമ്പോൾ കുറഞ്ഞത് 5000–10,000 ദിർഹത്തിന്റെ വ്യത്യാസമുണ്ടെന്ന് പലരും വെളിപ്പെടുത്തുന്നു. ഫ്ലാറ്റിൽനിന്ന് വില്ലയിലേക്കു മാറുമ്പോൾ ജലവൈദ്യുതി ബിൽ, ഡിപോസിറ്റ്, വാറ്റ് എന്നിവയും ലാഭിക്കാവുന്നതാണ് ഏറ്റവും ആശ്വാസം എന്നത്. പുതിയ കെട്ടിടം വിട്ട് പഴയ കെട്ടിടത്തിലേക്കു മാറി വാടക ലാഭിക്കുന്നവരും ഇപ്പോൾ കുറവല്ല. അബുദാബിയിലെ ഷഹാമ, മുസഫ, ബനിയാസ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, അൽവത്ബ തുടങ്ങിയ പ്രദേശങ്ങളിൽ വാടക കുറഞ്ഞ സ്ഥലങ്ങളിലേക്കാണ് മാറ്റം.
എന്നാൽ ദൂരം കൂടുന്തോറും വാടകയിൽ കുറവുണ്ട്. ആയതിനാൽ തന്നെ വാഹന സൗകര്യമുള്ളവർ മാത്രമാണ് ഇത്തരത്തിൽ മാറുന്നത്. അല്ലാത്തവർ ഒരു ഫ്ലാറ്റിൽ 2 കുടുംബങ്ങൾ താമസിച്ചും ചെലവ് ചുരുക്കാനാണ് ശ്രമിക്കുന്നത്. അബുദാബിയിൽ 10–15% വരെ വാടക കുറഞ്ഞിട്ടുണ്ടെങ്കിലും പല കെട്ടിട ഉടമകളും ഇത് കുറച്ചിട്ടില്ല. യുഎഇയിൽ കോവിഡ് നിയന്ത്രണത്തിൽ ഇളവു വരികയും വിദേശികൾ എത്തിത്തുടങ്ങുകയും ചെയ്തതോടെ വാടക കൂട്ടിയവരുമുണ്ട്.
ഫ്ലാറ്റുകൾ
സ്റ്റുഡിയോ ഫ്ലാറ്റിന് ശരാശരി 25,000–35,000 ദിർഹമാണ് ഈടാക്കുന്നത്. ഒരു കിടപ്പുമുറിക്ക് 35,000–42,000, 2 കിടപ്പുമുറി ഫ്ലാറ്റിന് 42,000–55000 ദിർഹം വരെയാണ് ശരാശരി നിരക്ക് എന്നത്. കെട്ടിടത്തിലെ സൗകര്യത്തിനും കാലപ്പഴക്കത്തിനും അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകുന്നതായിരിക്കും. ഇതിനു പുറമേ 5000 ദിർഹം ഡിപ്പോസിറ്റ്, 1000 ദിർഹം ജലവൈദ്യുതി ഡിപ്പോസിറ്റ്, 5% വാറ്റ്, ഇന്റർനെറ്റ്, റജിസ്ട്രേഷൻ ഫീസ്, പാറാവുകാർക്കുള്ള 'സ്നേഹോപഹാരം' എന്നിവ കൂടി ചേർത്താൽ തുക വർധിക്കുകയും ചെയ്യും. ബ്രോക്കർമാരുടെ കമ്മിഷൻ വേറെയുമുണ്ട്.
വില്ല
എന്നാൽ വില്ലയിലാണ് താമസമെങ്കിൽ ഇതിൽ ജലവൈദ്യുതി, ഡിപ്പോസിറ്റ്, വാറ്റ് എന്നിവ ലാഭിക്കാവുന്നതാണ്. സ്വദേശികളുടെ പേരിലുള്ള വില്ലയ്ക്കാണ് ഈ ആനുകൂല്യം ഉള്ളത്. വലുപ്പമേറിയ മുറി, കുട്ടികൾക്കു കളിക്കാനും വാഹനം പാർക്ക് ചെയ്യാനും സ്ഥലം എന്നിവയാണ് മറ്റു ആകർഷണങ്ങൾ. അതുകൊണ്ട് തന്നെ ദൂരം നോക്കാതെ വില്ലകളിലേക്കു താമസം മാറിയവരിൽ സാധാരണക്കാർ ഏറെയാണ്. എന്നാൽ മലയാളികൾ അടക്കം വിദേശികൾ വില്ലകൾ മൊത്തമായി എടുത്ത് വിഭജിച്ച് നൽകുന്ന മുറികൾക്ക് ഈ സൗകര്യം കുറവായിരിക്കും.
https://www.facebook.com/Malayalivartha


























