ഖത്തറില്‍ വാരാന്ത്യം പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കും; ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്
ഖത്തറില്‍ വാരാന്ത്യം പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഖത്തര്‍ കാലാവസ്ഥാ വകുപ്പാണ് (ക്യു.എം.ഡി) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിലെ തന്നെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ ചില സ്ഥലങ്ങളില്‍ ദൃശ്യപരിധി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഈ കാലയളവില്‍ കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ആയതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതേസമയം, ഖത്തറില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ശീതീകരിച്ച മത്സ്യങ്ങളുടെ വന്‍ ശേഖരം അധികൃതർ പിടികൂടി. വ്യവസായ മേഖലയില്‍ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ നിന്നാണ് ലേബലോ മറ്റ് വിവരങ്ങളോ ഇല്ലാത്ത വലിയ അളവില്‍ മത്സ്യം കണ്ടെടുത്തിരിക്കുന്നത്. സംഭവത്തില്‍ അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘന റിപ്പോര്‍ട്ട് പുറപ്പെടുവിക്കുകയും പിടിച്ചെടുത്ത മുഴുവന്‍ മീനുകളും നശിപ്പിക്കുകയും ചെയ്തു.
കൂടാതെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഹെല്‍ത്ത് കണ്ട്രോള് വിഭാഗം നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.ഭക്ഷ്യസാധനങ്ങളുടെ നിര്‍മ്മാണം, സംഭരണം, പാക്കേജിങ് എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളും ചൂടുള്ള ഭക്ഷണസാധനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ബാഗില്‍ പാക്ക് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha