അബുദാബിയില്‍ റോബോട്ടിക് പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നു

അബുദാബിയില്‍ റോബോട്ടിക്ക് പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നു. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് എന്ന അമേരിക്കന്‍ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുക.
കെട്ടിടങ്ങളില്‍ ഒഴിവുള്ള ഭാഗത്തേക്ക് വാഹനങ്ങളെ യന്ത്രംതന്നെ കൊണ്ടെത്തിക്കുന്ന സാങ്കേതികവിദ്യയാണിത്. ഷിപ്പ് യാര്‍ഡുകളിലും കാര്‍ഗോ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന എഞ്ചിന്‍ സംവിധാനത്തോട് സമാനമായ രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം. ആറുമാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനാണ് പദ്ധതി. മൂന്ന് നിലകളിലായി സജ്ജീകരിക്കുന്ന പാര്‍ക്കിങ്ങില്‍ മുഴുവനും ഇത്തരത്തിലുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പാര്‍ക്ക് പ്ലസ് മിഡില്‍ ഈസ്റ്റിന്റെ മാനേജിങ് ഡയറക്ടര്‍ സൈറസ് ഹോഡ്‌സ് പറഞ്ഞു.
പാര്‍ക്കിങ് വെല്ലുവിളി നേരിടുന്ന അബുദാബി പോലുള്ള നഗരത്തില്‍ ഏറ്റവും അനുയോജ്യമായ ഒരു സംവിധാനമാണിത്. അബുദാബി വിമാനത്താവളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മിഡ് ഫീല്‍ഡ് ടെര്‍മിനലില്‍ ഇത്തരത്തിലുള്ള പാര്‍ക്കിങ് സംവിധാനമാണ് വരാനിരിക്കുന്നത്.
അകത്തെത്തുന്ന വാഹനം നേരിട്ട് ഒരു മുറിയോളം വലിപ്പംവരുന്ന സ്‌കാനറിനകത്തേക്ക് പ്രവേശിക്കും. യാത്രക്കാര്‍ തങ്ങളുടെ ബാഗുമായി പുറത്തുകടന്നാല്‍ ഉടനെ വാഹനം നൂതനസംവിധാനത്തില്‍ സ്‌കാന്‍ ചെയ്യും. വാഹനത്തില്‍ ആളുകളും സ്‌ഫോടകവസ്തുക്കളും മറ്റുമില്ല എന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഓട്ടോമാറ്റിക് ട്രോളി പതുക്കെ വാഹനത്തിനടിയില്‍ വന്ന് നില്‍ക്കുന്നു. തുടര്‍ന്ന് പതിയെ വാഹനത്തെ വഹിച്ച് പാര്‍ക്കിങ് ഏരിയയില്‍ എവിടെയാണോ ഒഴിഞ്ഞ സ്ഥലമുള്ളത് അവിടെയെത്തിച്ച് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നു. ആളുകള്‍ തിരിച്ചുവന്നാല്‍ കിയോസ്‌കില്‍ എത്തി വിവരമറിയിക്കുന്നതോടെ ട്രോളി വീണ്ടും വാഹനത്തെ സ്‌കാനര്‍ റൂമിലെത്തിക്കും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് വാഹനവുമായി തിരിച്ചുപോകാന്‍ സാധിക്കും.
അമേരിക്കയിലും ചൈനയിലെ ചിലയിടങ്ങളിലും വിജയകരമായി പ്രാവര്‍ത്തികമാക്കിയ സംവിധാനമാണിത്. ജി.സി.സി രാജ്യങ്ങളില്‍ ആദ്യമായി യു.എ.ഇയാണ് ഇത് നടപ്പിലാക്കുന്നത്. ഒരു കാരണവശാലും പാര്‍ക്കിങ് സമയത്ത് അപകടങ്ങള്‍ സംഭവിക്കില്ല എന്നൊരുറപ്പും ഈ സംവിധനത്തിനുണ്ട്.
പുതിയ പാര്‍ക്കിങ് സംവിധാനത്തിന് അബുദാബിയുടെയും ദുബായിയുടെയും സിവില്‍ ഡിഫന്‍സ് വകുപ്പിന്റെ അംഗീകാരവും ലഭിച്ചുകഴിഞ്ഞു. പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിത്തമുണ്ടായാല്‍ അത് കണ്ടെത്തി പരിഹരിക്കാനുള്ള കഴിവും മെഷീന്‍ സംവിധാനത്തിനുണ്ട്. സംവിധാനം നിലവില്‍വരുന്നതോടെ പാര്‍ക്കിങ് സ്ഥലമന്വേഷിച്ച് കെട്ടിടങ്ങളില്‍ വട്ടംകറങ്ങാതെ വാഹന ഉപയോക്താക്കള്‍ക്ക് സ്വസ്ഥമായി ജോലിചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha