ഖത്തറിൽ ഇന്നു മുതൽ മഴക്കാലത്തിനു തുടക്കമാകുന്നു; പ്രാദേശികമായി അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം 52 ദിവസം നീളും, അൽ വാസ്മിക്കാലം ഇന്നു മുതൽ ഡിസംബർ 6 വരെ! ഇക്കാലയളവിൽ മേഘത്തിന്റെ സഞ്ചാരം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയിരിക്കും, ജാഗ്രതാ നിർദ്ദേശം

ഖത്തറിൽ ഇന്നു മുതൽ മഴക്കാലത്തിനു തുടക്കമാകുമെന്ന് അറിയിപ്പ്. ഇന്നലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യുകയുണ്ടായി. പ്രാദേശികമായി അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം 52 ദിവസം നീളുന്നതാണ്. ഇന്നു മുതൽ ഡിസംബർ 6 വരെയാണ് അൽ വാസ്മിക്കാലം ഉണ്ടാകുക. ഇക്കാലയളവിൽ മേഘത്തിന്റെ സഞ്ചാരം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയിരിക്കും.
അതോടൊപ്പം തന്നെ പകൽ സമയം ചൂടും രാത്രി മിതമായ കാലാവസ്ഥയുമാകും. വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റും രൂപപ്പെടുകയും ചെയ്യും. അൽ വാസ്മിയുടെ തുടക്കത്തിൽ മഴ പെയ്യുന്നത് വരും ദിവസങ്ങളിൽ നല്ല മഴയുടെ സൂചനയാണെന്നാണു വിലയിരുത്തപ്പെടുന്നത്. വിവിധതരം പ്രാദേശിക ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം ഗുണകരമാണ് അൽ വാസ്മിക്കാലം. ഇന്നലെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴ പെയ്യുകയുണ്ടായി. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഇടിയും മഴയും മിന്നലും ഉള്ളപ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ വകുപ്പ് നിർദേശിക്കുകയുണ്ടായി. ഇടിമിന്നലുള്ളപ്പോൾ വീടിന് പുറത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കേണ്ടതാണ്. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും താഴെയും വീടിന്റെയും കെട്ടിടങ്ങളുടെയും ടെറസുകളിലും നിൽക്കരുത്.
അതേസമയം മോശം കാലാവസ്ഥയിൽ വാഹനം ഓടിക്കുന്നവർ അമിത വേഗവും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. വൈപ്പറുകൾ പ്രവർത്തനക്ഷമമായിരിക്കണം. കാറിന്റെ ജനലുകൾ അടച്ചെന്നും ഉറപ്പാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. വീട്ടിനകത്തും ജാഗ്രത വേണം. നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ബോർഡുകളിൽ സ്പർശിക്കരുത് മുന്നറിയിപ്പിൽ പറയുന്നു.
അതോടൊപ്പം തന്നെ ഇടിമിന്നലുള്ളപ്പോൾ വീട്ടിനുള്ളിലെ വൈദ്യുത ഉപകരണങ്ങളുടെ പവർ സപ്ലൈ ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശത്തിൽ പറയുകയുണ്ടായി. അടിയന്തര ഘട്ടത്തിൽ സഹായത്തിനായി 999 എന്ന നമ്പറിൽ സേവനം തേടാവുന്നതാണ്.
https://www.facebook.com/Malayalivartha


























