പ്രവാസികൾ കടക്ക് പുറത്ത്; തൊഴില്‍ കരാറുകള്‍ പുതുക്കില്ല; കടകളിൽ പോലും ജോലി സ്വദേശികൾക്ക് മാത്രം; സ്വദേശികള്‍ ലഭ്യമാവുന്ന ഒരു തസ്‍തികയിലും ഇനി പ്രവാസികളെ നിയമിക്കില്ലെന്ന് കുവൈറ്റ്

സ്വദേശികള്‍ ലഭ്യമാവുന്ന ഒരു തസ്‍തികയിലും ഇനി പ്രവാസികളെ നിയമിക്കില്ലെന്ന് കുവൈറ്റ് . പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ കരാറുകളും ഒരു വര്‍ഷത്തേക്കാണ് തയ്യാറാക്കുന്നത്. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കാലാവധി നിജപ്പെടുത്താത്തതോ ആയ കരാറുകള്‍ ഇനി മുതല്‍ ഇല്ലെന്നും എല്ലാ സ്വദേശികള്‍ക്കും അധികൃതര്‍ ഉറപ്പു നല്‍കിയതായി പ്രാദേശിക അറബി ദിനപ്പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്‍തു.
ഏത് സര്‍ക്കാര്‍ വകുപ്പിലായാലും സ്വദേശികള്‍ ലഭ്യമാണെങ്കില്‍ ആ തസ്‍തികകളിലെ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഇനി പുതുക്കുകയേ ഇല്ലെന്നും ഒരു വകുപ്പിനും ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ക്ക് ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെയാണ് പിടികൂടുന്നത്
പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. നാടുകടത്തപ്പെടുന്നവര്‍ക്ക് പുതിയ വിസയിലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. അതേസമയം ഫ്രൈഡേ മാര്‍ക്കറ്റില്‍വെച്ച് മാന്യമല്ലാതെ പെരുമാറിയതിന് ഒരു നേപ്പാള്‍ സ്വദേശിയെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അറസ്റ്റിലായവര്‍ക്കെതിരെ നിരവധി കേസുകള്‍ അധികൃതര്‍ ചാര്‍ജ് ചെയ്‍തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വാണിജ്യ മന്ത്രാലയം 20 നിയമ ലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി മൂന്ന് നിയമലംഘനങ്ങളും പബ്ലിക് മാന്‍പവര്‍ അതോറിറ്റി 12 നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി. ഏതാനും കഫേകള്‍ക്കും വാഹനങ്ങളില്‍ കച്ചവടം നടത്തിയിരുന്നവരും ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 11 പ്രവാസികളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ദിവസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. പലരും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. തുടര്‍ നടപടികള്‍ക്കായി ഇവരെയും അധികൃതര്‍ക്ക് കൈമാറി.
മാത്രമല്ല വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടുന്നുമുണ്ട്. പിടിയിലായ പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണ് ചെയ്യുന്നത്. പിന്നീട് ഇവർക്ക് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയില്ല.
കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലികളുടെ സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അധികൃതര്‍ ഇങ്ങനൊരു ഉറപ്പ് സ്വദേശികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതിനിടെ കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് അനുവദക്കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായ സംഭവവും ഉണ്ടായി . ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























