കുളിരണിഞ്ഞ് കുവൈറ്റ്; ചൂടുപിടിച്ച മാസങ്ങൾക്കുശേഷം തണുപ്പുകാലത്തേക്ക് പ്രവേശിച്ച് രാജ്യം, പകൽ സമയത്ത് ശരാശരി 20 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നിട്ടുണ്ട്! രാത്രി താപനില ഇതിലും കുറയുന്നതിനാൽ തണുപ്പിന്റെ തീവ്രത കൂടും

ഗൾഫിൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. അങ്ങനെ ചൂടുപിടിച്ച മാസങ്ങൾക്കുശേഷം കുവൈറ്റ് തണുപ്പുകാലത്തേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്. നവംബർ പകുതിയോടെ തന്നെ കുറഞ്ഞുതുടങ്ങിയ താപനില ഡിസംബർ ആദ്യവാരത്തോടെ വീണ്ടും താഴ്ന്നു. ഇതോടെ രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പകൽ സമയത്ത് ശരാശരി 20 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നിട്ടുമുണ്ട്.
കൂടാതെ രാത്രി താപനില ഇതിലും കുറയുന്നതിനാൽ തണുപ്പിന്റെ തീവ്രത കൂടുന്നുണ്ട്. തിങ്കളാഴ്ചയിലെ മഴയോടെയാണ് അന്തരീക്ഷതാപത്തിൽ പെട്ടെന്നുള്ള മാറ്റം പ്രകടമായിത്തുടങ്ങിയത്. ഡിസംബർ ആദ്യ വാരത്തോടെ രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം തണുപ്പ് എത്തിയതോടെ പുറത്തിറങ്ങുമ്പോൾ സ്വെറ്റർ, ജാക്കറ്റ് എന്നിവകൂടി ആളുകൾ ധരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഷോപ്പുകളിൽ സ്വെറ്റർ, ജാക്കറ്റ് എന്നിവയുടെ വിൽപനയും സജീവമാണ്. കൈകൾ ഇല്ലാത്ത ജാക്കറ്റ് രൂപത്തിലുള്ളവ, ഫുൾകൈ ഉള്ളവ, തൊപ്പികൂടി ഉൾപ്പെടുന്നവ എന്നിങ്ങനെ വിവിധ തരത്തിൽ സ്വെറ്ററുകളും ജാക്കറ്റുകളും വിപണിയിൽ ഉണ്ട്.
https://www.facebook.com/Malayalivartha

























