അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തി; ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായില്‍ മരിച്ചു

പ്രവാസികൾക്ക് ഏറെ വേദന നൽകി വീണ്ടും പ്രവാസി മലയാളി മരിച്ചു. അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബായില്‍ മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്റവിടെ ശക്കീര്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നാട്ടില്‍ നിന്നെത്തിയ ശേഷം ബുധനാഴ്ച മുതല്‍ ജോലിക്ക് കയറാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. പിതാവ് - അസൈനാര്‍. മാതാവ് - ഐഷു. ഭാര്യ - അഷീറ. മക്കള്‍ - മുഹ്‍സിന്‍, ഷഹബാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
അതേസമയം വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയുണ്ടായി. റിയാദ് - മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കാത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് അധികൃതർ നാട്ടിലെത്തിച്ചത്.
റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ വെൽഫെയർ വിങ് ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























