അവധിക്കാലം ആഘോഷിക്കാൻ യുഎഇയുടെ വമ്പൻ പദ്ധതി; വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം, യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാൻ സാധിക്കും. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രാജ്യാന്തര ഡ്രൈവിങ് ലൈസൻസോ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസോ ഇല്ലാതെ വിദേശരാജ്യങ്ങളിൽ വാഹനമോടിക്കുന്നതിന് അനുമതിയില്ല. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനും രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ഗുണം ചെയ്യുന്നതാണ്.
കൂടാതെ യുഎഇയിലെ എമിറേറ്റ്സ് പോസ്റ്റ്, ഓട്ടമൊബീൽ ആൻഡ് ടൂറിസം ക്ലബ്, ഇന്റർനാഷനൽ മോട്ടോർ ക്ലബ് എന്നിവിടങ്ങളിൽ നേരിട്ടോ ഓൺലൈനായോ അപേക്ഷിക്കാം. നേരിട്ടാണെങ്കിൽ അര മണിക്കൂറിനകവും ഓൺലൈനിലാണെങ്കിൽ 3–5 പ്രവൃത്തി ദിവസത്തിനകവും ലൈസൻസ് ലഭിക്കുന്നതാണ്.
അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലെ ഓട്ടമൊബീൽ ആൻഡ് ടൂറിസം ക്ലബിലോ ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഡിനാറ്റ ഓഫിസിലോ ദുബായ് സിലിക്കൺ ഒയാസിസിലുള്ള ഐടി പ്ലാസയിലുള്ള ഇന്റർനാഷനൽ മോട്ടോറിങ് ക്ലബിലോ നേരിട്ട് എത്തിയും നൽകാവുന്നതാണ്.
ഓൺലൈനായി ഓട്ടമൊബീൽ ആൻഡ് ടൂറിസം ക്ലബ് വെബ്സൈറ്റിൽ (https://www.atcuae.ae/idl-international-driving-license/)ൽ പ്രവേശിച്ച് പേര്, ഇമെയിൽ, മൊബൈൽ നമ്പർ, ജനന തീയതി, രാജ്യം, മേൽവിലാസം (ഇന്ത്യ–യുഎഇ) എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. ഇതിനുപിന്നാലെ എമിറേറ്റ്സ് ഐഡി, യുഎഇ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ നൽകി രണ്ടിന്റെയും ഡിജിറ്റൽ കോപ്പി അപ് ലോഡ് ചെയ്ത് പണമടച്ചാൽ ലൈസൻസ് വീട്ടിലെത്തിക്കുന്നതാണ്.
സാധുതയുള്ള എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, റെസിഡൻസ് വീസ, യുഎഇ ഡ്രൈവിങ് ലൈസൻസിന്റെ കോപ്പി, 2 ഫോട്ടോ എന്നിവ കയ്യിൽ കരുതിയിരിക്കണം. ഫീസ് 170–200 ദിർഹം + വാറ്റ്.
https://www.facebook.com/Malayalivartha


























