റിയാദ് മെട്രോയിൽ പ്രസവം ദമ്പതികൾക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഫ്രീ..

തലസ്ഥാന നഗരിയുടെ യാത്രാചരിത്രത്തിൽ പുതിയൊരേട് കുറിച്ച് റിയാദ് മെട്രോയിലെ ആദ്യ ‘മെട്രോ ബേബി’ പിറന്നു. റിയാദ് മെട്രോയുടെ ചരിത്രത്തിൽ ഇനി ഈ കുഞ്ഞുമാലാഖയുടെ ജനനവും അടയാളപ്പെടുത്തും. മെട്രോ പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആദ്യത്തെ 'മെട്രോ ബേബി'ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തലസ്ഥാന നഗരി. ബ്ലൂ ലൈനിലെ അൽ അന്ദലൂസ് സ്റ്റേഷനിലാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ അപൂർവ നിമിഷം അരങ്ങേറിയത്. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ മെട്രോ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ട് സുരക്ഷിതമായി പ്രസവിക്കാൻ സഹായിക്കുകയായിരുന്നു.
മെട്രോ പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആദ്യ പ്രസവമാണിത്. ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ, അടിയന്തര സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മെട്രോയിലെ വനിതാ ജീവനക്കാർ തന്നെ പ്രസവത്തിന് നേതൃത്വം നൽകി. ജീവനക്കാരുടെ പ്രൊഫഷണലിസവും മാനുഷികമായ സമീപനവുമാണ് ആ സുരക്ഷിത ജനനത്തിന് വഴിയൊരുക്കിയത്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവിൽ ആരോഗ്യവാന്മാരാണെന്ന് അധികൃതർ അറിയിച്ചു.
“മനുഷ്യാന്തസ്സിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഞങ്ങളുടെ സേവനത്തിന്റെ അടയാളമാണിത്.” – റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ പറഞ്ഞു.
സ്റ്റേഷനിൽ പിറന്ന ആദ്യ കണ്മണിയെ ആഘോഷപൂർവ്വമാണ് മെട്രോ അധികൃതർ വരവേറ്റത്. ഈ സന്തോഷം പങ്കുവെക്കുന്നതിനായി ദമ്പതികൾക്ക് വലിയൊരു സമ്മാനവും പ്രഖ്യാപിച്ചു. ഒരു വർഷം കാലാവധിയുള്ള രണ്ട് ‘ദർബ്’ ഫസ്റ്റ് ക്ലാസ് കാർഡുകളാണ് അധികൃതർ സമ്മാനമായി നൽകിയത്. ഇതോടെ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് മെട്രോയിൽ ഒരു വർഷത്തേക്ക് ഫസ്റ്റ് ക്ലാസ് യാത്ര തികച്ചും സൗജന്യമായിരിക്കും.സ്വകാര്യത മാനിക്കുന്നതിെൻറ ഭാഗമായി ദമ്പതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
റിയാദ് മെട്രോയുടെ സുരക്ഷാ ക്രമീകരണങ്ങളുടെയും ജീവനക്കാരുടെ പരിശീലനത്തിന്റെയും മികവാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് യാത്രക്കാരും പ്രശംസിച്ചു. ദമ്പതികളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മെട്രോയുടെ ചരിത്രത്തിൽ ഈ കൊച്ചു മാലാഖയുടെ ജനനം എന്നും തിളങ്ങിനിൽക്കും.
https://www.facebook.com/Malayalivartha






















