ദുബായില്‍ അപൂര്‍വയിനം മുതലകളുമായി പാര്‍ക്ക് ഒരുങ്ങുന്നു

ദുബായില്‍ 'വിസ്മയക്കുളം' ഇതാ ഒരുങ്ങുകയായി. ഇനി മുതലഭീമന്മാരുടെ വിശേഷങ്ങള്‍ അടുത്ത് നിന്നറിയാം. വിവിധയിടങ്ങളില്‍ നിന്നുള്ള സുന്ദരന്മാരായ ഭീകരന്മാരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വപ്‌നനഗരത്തിലെ 'മുതലക്കുളം'. മുഷ്‌രിഫ് പാര്‍ക്കിനടുത്തു നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ മുതലസാമ്രാജ്യത്തില്‍ വിശാലമായ കുളവും മനോഹരമായ പാര്‍ക്കുമുണ്ട്. ഈ വര്‍ഷം അവസാനം പാര്‍ക്ക് തുറക്കുമെന്നു പ്രതീക്ഷിക്കുന്നു. 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മുതലപ്പാര്‍ക്കിന്റെ നിര്‍മാണം 75% പൂര്‍ത്തിയായി.
നൈല്‍ നദിയില്‍ കാണപ്പെടുന്ന വലിയ ഇനം മുതല ഉള്‍പ്പെടെ ഇവിടെയുണ്ടാകും. ആഫ്രിക്കന്‍ മുതല എന്നു പൊതുവെ അറിയപ്പെടുന്ന ഇവയ്ക്ക് ഏതു സാഹചര്യത്തിലും ജീവിക്കാനാകും. ചതുപ്പുനിലവും തടാകവും പുഴയുമെല്ലാം ഈ ഭീകരന്മാര്‍ക്ക് ഒരുപോലെ. മൂന്നര മുതല്‍ അഞ്ചുമീറ്റര്‍ വരെ ആഫ്രിക്കന്‍ ആണ്‍മുതലയ്ക്കു നീളമുണ്ടാകും. 750 കിലോയിലേറെ ഭാരവും. പെണ്‍മുതലകള്‍ക്ക് ഇതിന്റെ 30% വരെ വലുപ്പക്കുറവുണ്ടാകും. മറ്റിനം മുതലകളേക്കാള്‍ അപകടകാരികളാണിവ.
ഇരകള്‍ക്കായി ദിവസങ്ങളോളം കാത്തിരിക്കാന്‍ കഴിയുന്നതും ഇവയുടെ പ്രത്യേകതയാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള മറ്റിനം മുതലകളും പാര്‍ക്കിലുണ്ടാകും. കേവലമൊരു പാര്‍ക്ക് എന്നതിലുപരിയായി വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വിജ്ഞാനം പകരുന്ന പഠനകേന്ദ്രമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സന്ദര്‍ശകര്‍ക്കായി സുരക്ഷിത നടപ്പാതകള്‍ ഉണ്ടാകും. മധ്യപൂര്‍വദേശത്തെ ആദ്യത്തെ മുതലപ്പാര്‍ക്കാണിത്. മുതലകളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സന്ദര്‍ശകര്‍ക്കു പാര്‍ക്കില്‍ നിന്നു ലഭ്യമാകും.
മേഖലയിലെ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുതലപ്പാര്‍ക്ക് മുതല്‍ക്കൂട്ടാകും. പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ കൊണ്ടാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. പുനരുപയോഗ ഊര്‍ജം പരമാവധി ഉപയോഗപ്പെടുത്തും. സ്വാഭാവികമായി അണിയിച്ചൊരുക്കിയ വിശാലമായ മേഖലയില്‍ മുതലകള്‍ക്കു പ്രജനനത്തിനും സ്വതന്ത്രമായി ജീവിക്കാനും സൗകര്യമുണ്ട്. മുഷ്‌രിഫ് റിസര്‍വ്, സഫാരി പദ്ധതി, ഇതര പരിസ്ഥിതി സൗഹൃദ മേഖലകള്‍ എന്നിവയുമായി മുതലപ്പാര്‍ക്കിനെ ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
അത്യാധുനിക കാഴ്ചകള്‍ക്കിടയില്‍ ഇതുപോലുള്ള കേന്ദ്രങ്ങള്‍ കൂടുതലായി സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് അധികൃതര്‍ കരുതുന്നു. റാസല്‍ഖോര്‍, മുഷ്‌രിഫ് പാര്‍ക്ക്, ഡെസര്‍ട് കണ്‍സര്‍വേഷന്‍ റിസര്‍വ് തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ ജീവജാലങ്ങള്‍ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കഴിയുന്നു. അപൂര്‍വയിനം ആമകള്‍, അറേബ്യന്‍ കൃഷ്ണമൃഗങ്ങള്‍, പക്ഷികള്‍, ഒട്ടകങ്ങള്‍ എന്നിവയുണ്ട്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ പദ്ധതികള്‍ ദുബായില്‍ പുരോഗമിക്കുകയാണ്. മൂന്നു തീംപാര്‍ക്കുകളുടെ വിശാലലോകം ഒക്‌ടോബര്‍ 31നു ദുബായില്‍ തുറക്കും. ബോളിവുഡ് പാര്‍ക്ക്, മോഷന്‍ഗേറ്റ് ദുബായ്, ലെഗോലാന്‍ഡ് എന്നിവ ദുബായ്-അബുദാബി ഹൈവേയിലെ ഗന്‍തൂത് എക്‌സിറ്റിനടുത്താണ് ഒരുങ്ങുന്നത്. ലെഗോലാന്‍ഡിനോട് അനുബന്ധിച്ച് ലെഗോ വാട്ടര്‍ പാര്‍ക്കുമുണ്ടാകും. റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, ഉല്ലാസകേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് റിവര്‍ ലാന്‍ഡ്.
സിക്‌സ്ഫഌഗ് തീംപാര്‍ക്കും വൈകാതെ പൂര്‍ത്തിയാകും. ബോട്ടിന്റെ ആകൃതിയിലുള്ള ഓപ്പറ ഹൗസാണ് മറ്റൊന്ന്. ബുര്‍ജ് ഖലീഫയ്ക്കടുത്ത് പൂര്‍ത്തിയാകുന്ന ഇത് 31നു തുറക്കും. ലോകത്തു വംശനാശം സംഭവിക്കുന്ന ജീവജാലങ്ങള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി സംരക്ഷണം നല്‍കാനുള്ള ബൃഹദ് പദ്ധതി യുഎഇ നടപ്പാക്കിവരികയാണ്. ഷാര്‍ജ കല്‍ബയിലെ കണ്ടല്‍ക്കാടുകളെ ബന്ധിപ്പിച്ച് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയും വരുകയാണ്.
വംശനാശം നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രങ്ങളും ജൈവസമ്പത്തും സംരക്ഷിക്കാനുള്ള വന്‍പദ്ധതിയില്‍ യുഎഇയുമായി ഇന്ത്യയും കൈകോര്‍ത്തു കഴിഞ്ഞു. ചൈനയും അമേരിക്കയും ഇതുമായി സഹകരിക്കുന്നുണ്ട്. വംശനാശം സംഭവിക്കുന്ന പലതരം പുലികളുടെയും കാട്ടുപൂച്ചകളുടെയും സംരക്ഷണമാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. കാടുകളുടെ സംരക്ഷണം, കുഞ്ഞുങ്ങളെ കൃത്രിമ ബീജസങ്കലനത്തിലൂടെ ഉല്‍പാദിപ്പിച്ച് ആവാസകേന്ദ്രങ്ങളില്‍ വളര്‍ത്തുക എന്നിവ പദ്ധതിയുടെ ഭാഗമാണ്.
കാലാവസ്ഥാമാറ്റം, രോഗങ്ങള്‍, ഭക്ഷണദൗര്‍ലഭ്യം എന്നിവയ്ക്കു പുറമെ വേട്ടയാടല്‍ മൂലവും പലയിനങ്ങളും ലോകത്തില്‍ നിന്ന് അതിവേഗം അപ്രത്യക്ഷമാകുകയാണ്. അറേബ്യന്‍ പുള്ളിപ്പുലികള്‍ അതിവേഗം വംശനാശം നേരിടുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അവശേഷിക്കുന്ന മേഖലകളില്‍നിന്നു പോലും ഇവ തുടച്ചുനീക്കപ്പെടുകയാണ്. ആകാരത്തിലും സ്വഭാവത്തിലും ആഫ്രിക്കന്‍, ഏഷ്യന്‍ പുള്ളിപ്പുലികളെക്കാള്‍ വ്യത്യസ്തമാണിവ. വലുപ്പം കുറഞ്ഞ് തിളക്കമാര്‍ന്ന പുള്ളികളോടുകൂടിയതാണ്.
ആണ്‍പുലിക്ക് മുപ്പതും പെണ്‍പുലിക്ക് ഇരുപതും കിലോയാണ് ശരാശരി ഭാരം. റാസല്‍ഖൈമ മലനിരകള്‍, യെമന്റെ വടക്കന്‍ മേഖല, ഒമാനിലെ ദോഫാര്‍ മലനിരകളിലെ ജബല്‍സംഹാന്‍, സൗദി അറേബ്യന്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ ഒരുകാലത്ത് ധാരാളമായി കാണപ്പെട്ടിരുന്ന ഇവ ഇപ്പോള്‍ ചില മേഖലകളിലായി ചുരുങ്ങി. അതും എണ്ണത്തില്‍ കുറവ്. ഇരതേടി കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന സ്വഭാവമാണുള്ളത്. ഹൂബറ പക്ഷികള്‍, അറേബ്യന്‍ കൃഷ്ണമൃഗങ്ങള്‍, കടലാമകള്‍ എന്നിവയുടെ സംരക്ഷണത്തിനായി യുഎഇ സര്‍ക്കാര്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha