സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങിന് വീണ്ടും തിരിച്ചടി; പുത്തൻ മോഡൽ ഗ്യാലക്‌സി നോട്ട് 9 നു തീപിടിച്ചതായി യുവതിയുടെ പരാതി

ദക്ഷിണകൊറിയൻ ആസ്ഥാനമായ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 9 തീപിടിച്ചുവെന്ന് റിപ്പോർട്ടുകൾ. ന്യൂയോര്‍ക്ക് ലോങ് ഐലാന്റ് നിവാസിയായ ഡിയാനെ ചങ് എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉപയോഗ ശേഷം തന്റെ പഴ്‌സിലായിരുന്നു നോട്ട് 9 ന്‍റെ ബാറ്ററിക്ക് തീപിടിച്ചുവെന്നാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. അതേസമയം ക്യൂന്‍സ് സുപ്രീംകോടതിയില്‍ സംഭവത്തിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ഇവര്‍.
സെപ്റ്റംബര്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം. ഫോണ്‍ ഭയങ്കരമായി ചൂടാവുന്നത് അനുഭവപ്പെട്ടപ്പോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി പഴ്‌സില്‍ വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കത്തുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഒപ്പം പുകയും പുറത്തുവന്നു. പഴ്‌സില്‍ നിന്ന് ഫോണ്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈയ്ക്കും പൊള്ളലേറ്റു. ഈ സമയത്ത് താന്‍ ലിഫ്റ്റിലായിരുന്നുവെന്നും ഒറ്റയ്ക്കായതിനാല്‍ നല്ല പേടിയുണ്ടായെന്നും പരാതിയില്‍ പറയുന്നു.
പുക പുറത്തുവരുന്നതിനാല്‍ ലിഫ്റ്റിലാകെ പുകനിറഞ്ഞു. ഇതോടെ ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തി ലോബിയിലെത്തി. ഉടന്‍ തന്നെ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നും എന്നാല്‍ ഫോണ്‍ അപ്പോഴും കത്തുന്നുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരാള്‍ സഹായത്തിനു വന്ന് തുണികൊണ്ട് അണച്ചു. പിന്നീട് ഫോൺ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ മുക്കിവയ്ക്കുകയായിരുന്നു.
അതേസമയം, നോട്ട് 9 ന്റെ കാര്യത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് സാംസങ് പ്രതികരിച്ചു. മികച്ച സുരക്ഷയുള്ള ബാറ്ററിയാണെന്ന പ്രഖ്യാപനത്തോടെയാണ് നോട്ട് 9 ഇറക്കിയിരുന്നതും. 'ബാറ്ററി സേഫ്റ്റി ചെക്ക്' കഴിഞ്ഞാണ് ഫോണ്‍ ഇറക്കിയതെന്നും സാംസങ് പറഞ്ഞിരുന്നു.
മുൻപ് പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട് 7 മുതലാണ് സാംസങിന് തീപിടുത്ത കഷ്ടകാലം തുടങ്ങിയത്. വ്യാപകമായി പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതിനെത്തുടര്‍ന്ന് ഇതിന്റെ 2.5 മില്യണ്‍ ഫോണുകള്‍ തിരിച്ചുവിളിച്ചിരുന്നു. പിന്നാലെ ഈ മോഡല്‍ തന്നെ ഒഴിവാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























