സ്ട്രോബെറിക്കുള്ളിൽ തയ്യല്‍ സൂചി; ദുരൂഹതകൾ പെരുകിയതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സ്ട്രോബെറിക്കുള്ളിൽ നിന്നും തയ്യല്‍ സൂചി കണ്ടെത്തുന്നതായി പരാതികൾ ഉയർന്നതിനു പിന്നാലെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. മുൻപ് ഓസ്‌ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളില്‍ സൂചി ഒളിപ്പിച്ച നിലയിലുള്ള സ്‌ട്രോബെറി പിടിച്ചെടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരത്തിൽ സൂചി ഒളിപ്പിച്ചിരുന്ന സ്‌ട്രോബെറി കഴിച്ച് തൊണ്ടയില്‍ മുറിവേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ വാങ്ങിയ മറ്റ് സ്‌ട്രോബെറികളിലും സൂചി കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഗ്രെഗ് ഹണ്ട് ഉത്തരവിട്ടു.
ക്വീന്‍സ്‌ലാന്റ്, ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയ സ്‌ട്രോബെറികള്‍ കഴിക്കരുതെന്ന് പോലീസും ആരോഗ്യ വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിക്കുന്നതിന് മുന്‍പ് സ്‌ട്രോബെറി മുറിച്ചുനോക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സംഭവത്തെ തുടര്‍ന്ന് ബെറി ഒബ്‌സെഷന്‍ (Berry Obsession), ബെറി ലീഷ്യസ് (Berry Licious), ലവ് ബെറി (Love Berry), ഡോണിബ്രൂക്ക് ബെറീസ് (Donnybrook Berries) തുടങ്ങിയ സ്‌ട്രോബെറി ബ്രാന്റുകള്‍ വിതരണം നിർത്തിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























