യുഎസ് എന്നത് വിദൂരസ്വപ്‌നമായി അവശേഷിച്ചു! അനധികൃത കുടിയേറ്റത്തിന് യുഎസ് പുറത്താക്കിയ ഇന്ത്യക്കാരെ കൈകാലുകള്‍ കെട്ടിയാണ് ഡല്‍ഹിയില്‍ എത്തിച്ചത്

അനധികൃത കുടിയേറ്റത്തിന് യുഎസ് പുറത്താക്കിയ ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്തില്‍ നിന്നു പുറത്തിറങ്ങുന്നതിനു മുന്‍പ് വിമാനത്താവള അധികൃതരാണ് ഇവരെ സ്വതന്ത്രരാക്കിയത്. യുഎസ് അധികൃതര്‍ കൊടുംകുറ്റവാളികളോടെന്നപോലെയാണ് പെരുമാറിയത് എന്നായിരുന്നു പുറത്താക്കപ്പെട്ട 145 ഇന്ത്യക്കാരുടെ പ്രതികരണം.
ബംഗ്ലദേശ് വഴിയാണ് ഇവര്‍ ബുധനാഴ്ച രാവിലെ 7.30-ന് അരിസോണയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കന്‍ സ്വപ്നം പാതിവഴിയില്‍ പൊലിഞ്ഞതിന്റെ നിരാശയാണ് തിരികെയെത്തിയ എല്ലാവര്‍ക്കും ഉള്ളത്. യുഎസില്‍ നിന്നു നാടുകടത്തപ്പെട്ട 25 ബംഗ്ലാദേശികളും ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്നു. 24 മണിക്കൂര്‍ നീണ്ടു നിന്ന വിമാനയാത്ര അതിദാരുണമായിരുന്നെന്നും ഇവര്‍ പറയുന്നു.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴില്‍രഹിതരുമായ യുവാക്കളാണ് അമേരിക്കന്‍ സ്വപ്നവുമായി വീസാ ഏജന്റുമാര്‍ക്ക് 15- 25 ലക്ഷം രൂപ വരെ നല്‍കിയത്. അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തി ഇപ്പോള്‍ സ്വര്‍ഗതുല്യ ജീവിതം നയിക്കുന്നവരുടെ വിഡിയോ കണ്ടാണ് പലരും ആകര്‍ഷിക്കപ്പെട്ടത്. തിരികെയെത്തിയവരില്‍ 19 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവരാണ് ഭൂരിഭാഗവും. 142 പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണു സംഘത്തില്‍ ഉണ്ടായിരുന്നത്.
ബുധനാഴ്ച തിരികെ എത്തിയത് ഈ വര്‍ഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ സംഘമാണ്. ഒക്ടോബര്‍ 23-ന് 117 ഇന്ത്യക്കാരെ യുഎസ് പുറത്താക്കിയിരുന്നു. യുഎസ്, സമ്മര്‍ദം ശക്തമാക്കിയതിനെ തുടര്‍ന്ന് മെക്‌സിക്കോയിലേക്ക് അനധികൃതമായി പ്രവേശിച്ച 311 ഇന്ത്യക്കാരെ മെക്‌സിക്കന്‍ അധികൃതരും ഒക്ടോബര്‍ 18-ന് മടക്കിയയച്ചിരുന്നു.
അരിസോണ, കലിഫോര്‍ണിയ, ടെക്‌സസ്, ജോര്‍ജിയ, ന്യൂജഴ്‌സി, മിസ്സിസിപ്പി എന്നിവിടങ്ങില്‍ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പൊലീസ് കണ്ടെത്തിയതോടെ കുടിയേറ്റ ക്യാംപുകളിലായി പിന്നീടുള്ള ജീവിതം. അവിടത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നുവെന്നും ഇവര്‍ പറയുന്നു. 'എന്റെ അച്ഛന്‍ ജീവിതകാലം സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് 25 ലക്ഷം രൂപ ഏജന്റിനു നല്‍കിയത്. ദുരിതത്തില്‍ നിന്നു ദുരിതത്തിലേക്കാണ് യാത്രയെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല'- വിങ്ങിപ്പൊട്ടിക്കൊണ്ട് 25-കാരനായ രവീന്ദര്‍ സിങ് പറയുന്നു. 'പരാജിതനായി വെറും കയ്യോടെയാണ് മടക്കം. എന്റെ പിതാവിനു ഞാന്‍ നഷ്ടപ്പെടുത്തിയതെല്ലാം ഞാന്‍ തന്നെ തിരികെ നല്‍കും'- കണ്ണീരോടെ രവീന്ദര്‍ സിങ് പറയുന്നു.
https://www.facebook.com/Malayalivartha