യുഎസില്‍ പോഷകാഹാര കുറവിനാല്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

യുഎസില്‍ 18 മാസം പ്രായമുള്ള കുഞ്ഞ് പോഷകാഹാര കുറവ് മൂലം മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 27-ന് പുലര്‍ച്ചെ 4 മണിയോടെ ഷൈല ഒ ലെറി (35) റയാന്‍ ഒ ലെറി (30) എന്നീ ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.
രാത്രിയില്‍ കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടിട്ടും വൈദ്യസഹായം തേടാതെ മാതാപിതാക്കള്‍ ഉറങ്ങാന്‍ പോകുകയായിരുന്നു. പുലര്‍ച്ചയ്ക്ക് അടിയന്തിരമെഡിക്കല്‍ സഹായം ലഭിക്കേണ്ട നമ്പറില്‍ വിളിച്ചതിനെ തുടര്‍ന്ന് എത്തിയ പാരാമെഡിക്കുകളാണ് കുഞ്ഞ് മരിച്ചതായി അറിയിച്ചത്.
കുട്ടി മരിച്ചത് പോഷകാഹാര കുറവ് കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണു ദമ്പതികളെ കേപ് കോറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കരള്‍ വീക്കം, നിര്‍ജലീകരണം, ശ്വാസതടസം എന്നീ രോഗങ്ങളും കുഞ്ഞിനുണ്ടായിരുന്നു. കുട്ടിയുടെ കൈകാലുകള്‍ ശോഷിച്ച നിലയിലായിരുന്നു.
സസ്യാഹാരം മാത്രം ഉപയോഗിക്കുന്ന കുടുംബമാണെന്നും പച്ചക്കറികളും പഴങ്ങളും മാത്രമാണ് കുഞ്ഞ് കഴിച്ചിരുന്നതെന്നും കുഞ്ഞിന്റെ അമ്മ ഷൈല പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കുഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നുവെങ്കിലും ഒരിക്കല്‍ പോലും ഡോക്ടറെ കാണിച്ചിരുന്നില്ല. വീട്ടില്‍ വച്ചായിരുന്നു ഈ കുട്ടിയെ പ്രസവിച്ചതെന്നും ജനിച്ചതില്‍ പിന്നെ ഇന്നേവരെ ആ കുട്ടിയെ ഡോക്ടര്‍മാരെ കാണിച്ചിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ദമ്പതികളുടെ മുതിര്‍ന്ന കുട്ടികള്‍ക്കു പോഷാഹാരക്കുറവുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
https://www.facebook.com/Malayalivartha