ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു

ഹൈദരാബാദ് സ്വദേശിനിയായ 19-കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ചിക്കാഗോയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇല്ലിനോയ്‌സ് യൂണിവേഴ്സിറ്റിയിലെ രൂത്ത് ജോര്‍ജ്ജ് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ സാധിക്കാതെ വന്നപ്പോഴാണ് ബന്ധുക്കള്‍ യൂണിവേഴ്സിറ്റി അധികൃതരെ വിവരം അറിയിച്ചത്.
യൂണിവേഴ്‌സ്റ്റി ക്യാംപസിനോടു ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായും കഴുത്തു ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡോണള്‍ഡ് തര്‍മാന്‍ (26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലാത്ത ഇയാളെ ഞായറാഴ്ച ചിക്കോഗോ മെട്രോ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.
സിസിടിവി ക്യാമറകളില്‍ നിന്നാണ് പൊലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ശനിയാഴ്ച 1.35-നും പുലര്‍ച്ചെ 2.10-നും ഇയാള്‍ പെണ്‍കുട്ടിക്കു സമീപത്തായി നില്‍ക്കുന്നത് സിസിടിവി ക്യാമറകളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവത്തെ നിര്‍ഭാഗ്യകരമെന്നാണ് യൂണിവേഴ്സ്റ്റി അധികൃതര്‍ വിശേഷിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ഇഷ്ടനിറമായ മഞ്ഞ കലര്‍ന്ന റിബണുകള്‍ യൂണിവേഴ്സ്റ്റിയില്‍ തൂക്കിയാണ് അധികൃതര്‍ പെണ്‍കുട്ടിയോട് ആദരവ് പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha