സംസ്‌കാരചടങ്ങിനുള്ള ഇന്‍ഷുറന്‍സ് തുക നല്‍കാനാവശ്യമുള്ള തെളിവുകള്‍ ഇല്ലെന്ന് അധികൃതര്‍, ഒമ്പത് ദിവസം പഴക്കമുള്ള മൃതദേഹവുമായി യുവതികള്‍ എത്തി!

സംസ്‌കാരചടങ്ങിന് നല്‍കിവരുന്ന ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ശക്തമായ തെളിവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് മുന്നില്‍ തെളിവായി എത്തിച്ചത് മരിച്ചയാളുടെ ഭൗതികശരീരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ടേംബെന്‍ഹ്ലേ ഹലോന്‍ഗേ, തന്‍ഡാസാ ത്സാലി എന്നീ യുവതികളാണ് അമ്മാവന്‍ സിഫിസോയുടെ മൃതദേഹവുമായി ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ എത്തിയത്. മൃതദേഹമടങ്ങിയ ബാഗ് വലിച്ചു കൊണ്ട് ഇവര്‍ കമ്പനിക്ക് അകത്തു നിന്ന് വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
മരിച്ച സിഫിസോയുടെ സംസ്‌കാരം നടത്തേണ്ടത് ദക്ഷിണാഫ്രിക്കയിലെ ഗോത്രാചാരങ്ങള്‍ പ്രകാരമാണ്. ഇന്‍ഷുറന്‍സ് പ്രകാരം 1700 യൂറോ ആണ് സംസ്‌കാരചടങ്ങിനുള്ള തുകയായി ലഭിക്കേണ്ടത്. ഈ തുക ലഭിക്കാനായി ഇവര്‍ ഒരാഴ്ചയായി ഇന്‍ഷുറന്‍സ് ഓഫീസ് കയിറിയിറങ്ങുകയാണ്. രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും തെളിവുകള്‍ ശക്തമല്ലെന്ന മറുപടിയായിരുന്നു ഓഫീസില്‍ നിന്ന് ലഭിച്ചത്. നിവൃത്തിയില്ലാതെ വന്നതോടെയാണ് 9 ദിവസമായി മോര്‍ച്ചറില്‍ വച്ചിരിക്കുന്ന അമ്മാവന്റെ മൃതദേഹവുമായി ഇവര്‍ ഓഫീസില്‍ എത്തിയത്.
മൃതദേഹം കൊണ്ടു വന്ന ശേഷം വീണ്ടും പഴയ രേഖകള്‍ ഹാജരാക്കിയ അവര്‍ ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ മാത്രമേ തിരിച്ചു പോകൂവെന്ന് ജീവനക്കാരോട് കട്ടായം പറഞ്ഞു. ഇതോടെ ജീവനക്കാര്‍ ഹെഡ് ഓഫിസിലേക്ക് വിളിക്കുകയും മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയും മൃതദേഹം കൊണ്ടു പോകുന്നതിനു പിന്നാലെ പണം നല്‍കാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ മൃതദേഹവുമായി മടങ്ങി.
''ഞങ്ങള്‍ സമ്പന്നരല്ല, പാവങ്ങളാണ്. അതുകൊണ്ടാണ് അവര്‍ പണം തരാന്‍ വിസമ്മതിക്കുന്നത്. ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. ഓരോ തവണയും തിരിച്ചു പോകേണ്ടി വന്നു. സഹിക്കാനാവാതെ വന്നപ്പോഴാണ് ഇങ്ങനെ ചെയ്തത്. രേഖകള്‍ അവര്‍ക്ക് ശക്തമായ തെളിവായി തോന്നുന്നില്ല, ഒരുപക്ഷേ, മൃതദേഹം കണ്ടാല്‍ വിശ്വസിക്കുമെന്ന് തോന്നി.'' ടേംബെന്‍ഹ്ലേ ഹലോന്‍ഗേ പറഞ്ഞു.
സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി ഇന്‍ഷുറന്‍സ് കമ്പനി രംഗത്തെത്തി. വളരെ ഖേദകരമായ സംഭവമാണെന്നും ആ കുടുംബത്തിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനി ട്വിറ്റിലൂടെ പ്രതികരിച്ചു. സംസ്‌കാര ചടങ്ങിനുള്ള ഇന്‍ഷുറന്‍സുകളില്‍ 99 ശതമാനവും എട്ടു മണിക്കൂറിനുള്ളില്‍ അനുവദിക്കാറുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha