ആദ്യമായി ജന്മദിനം ആഘോഷിച്ചത് യുഎഇ എന്ന പോറ്റമ്മയ്ക്ക് ഒപ്പം; പ്രവാസി മലയാളിക്ക് ഇത് അവിസ്മരണീയ അനുഭവം..

കണ്ണൂർ സ്വദേശിയായ മഹ്റൂഫ് കുളത്തിലിന് വയസ്സ് 48 ആയെങ്കിലും ജീവിതത്തിൽ ഇന്നേവരെ ജന്മദിനം ആഘോഷിച്ചിട്ടില്ല. മനപൂർവമല്ല, അങ്ങനെയൊരു ശീലമില്ലാത്തതുകൊണ്ടാണ്. എന്നാൽ, ആദ്യമായി ആഘോഷിച്ചപ്പോഴോ, അത് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. അതോടൊപ്പം പോറ്റമ്മ നാടിനോടൊപ്പം ആഘോഷിക്കുകയും ആദരിക്കപ്പെടുകയും ചെയ്തതിലുള്ള അഭിമാനവും.
യുഎഇയോടൊപ്പം വളർന്നവനാണ് മഹ്റൂഫ്. ജനനത്തീയതി 1971 ഡിസംബർ 2. ജോലി ചെയ്യുന്ന കമ്പനിയുടമയാണ് മഹ്റൂഫിന്റെ ജന്മദിനത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷമായി ഗംഭീര ആഘോഷം. 20 വർഷം മുൻപാണ് മഹ്റൂഫ് ഉപജീവനമാർഗം തേടി യുഎഇയിലെത്തിയത്. അബുദാബിയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണിപ്പോൾ. നാട്ടിലായിരുന്നപ്പോൾ ഒരിക്കലും താൻ ജന്മദിനം ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം, വീട്ടിൽ ജന്മദിനം ആഘോഷിക്കുന്ന പതിവില്ലായിരുന്നു. പഠന കാലത്തും നടത്തിയിരുന്നില്ല. ചുറ്റുവട്ടത്തുള്ളവരിൽ ചിലരെല്ലാം അടുത്ത കാലത്താണ് ആ പരിപാടി തുടങ്ങിയത്. 2014ൽ യുഎഇ 43–ാം ദേശീയദിനാഘോഷം നടത്തുന്ന വേളയിലാണ് ആദ്യമായി ഓഫീസിൽ മഹ്റൂഫിൻ്റെ ജന്മദിനം ആഘോഷിച്ചത്. ഓഫിസ് അധികാരിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷം തൻ്റെ കണ്ണു നിറച്ചുവെന്ന് മഹ്റൂഫ് പറയുന്നു. ഇതോടൊപ്പം അധികൃതർ അഭിനന്ദന പത്രവും സമ്മാനിച്ചു. തന്നെ പോലെ ചെറിയൊരു ജീവനക്കാരനെ ഇത്തരത്തിൽ അധികൃതർ ആദരിച്ചത് ഈ നാടിൻ്റെ നന്മയുടെ തെളിവാണെന്ന് ഇദ്ദേഹം പറയുന്നു.
യുഎഇ ദേശീയ ദിനാഘോഷ വേളകളിലെല്ലാം മഹ്റൂഫിന്റെ ജന്മദിനവും ഓഫിസിൽ ഗംഭീരമായി കൊണ്ടാടുന്നു. ഇതിനിടെ 2017ൽ നടന്ന ആഘോഷം അവിസ്മരണീയമായി. ഒട്ടക റൈഡ് കൂടി നടത്തിയായിരുന്നു അന്നത്തെ ആഘോഷം. ഭാര്യയും അഞ്ച് മുതൽ 20 വയസുവരെയുള്ള നാല് കുട്ടികളുമടങ്ങുന്നതാണ് മഹ്റൂഫിന്റെ കുടുംബം.
അതേസമയം രാജ്യത്തിനു നാൽപത്തിയെട്ട് വയസ്സ് തികഞ്ഞപ്പോൾ ഭൂമിയിലേക്ക് പിറന്നവർക്ക് പെരുന്നാളിന്റെ നിലാ പുഞ്ചിരി. അൽ ഐനിലെ എൻഎംസി ആശുപത്രിയിൽ ദേശീയ ദിനത്തിൽ പിറന്ന പെണ്മണിക്ക് രക്ഷിതാക്കൾ മറിയം എന്നുപേരിട്ടു.
രാത്രി 12.15നു ജനിച്ച മറിയമിനു ശ്വാസതടസ്സമുള്ളതിനാൽ ആറു ദിവസത്തോളം പ്രത്യേക പരിചരണത്തിലാണ്. ഡിസംബർ 2ന് രാവിലെ 8.54 നു അബുദാബിയിലെ മദീന സായിദ് ബറീൻ ആശുപത്രിയിലാണ് ഹമദ് ജനിച്ചത്. സിസേറിയൻ ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രത്യേക പരിചരണമുണ്ട്.
https://www.facebook.com/Malayalivartha
























