ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റ് ദാരുണ മരണം; അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു.താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽനിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് പൊള്ളലേറ്റ യുവാവ് മരിച്ചത് . ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ (32) ആണ് ഞായറാഴ്ച രാത്രിയോടെ പൊള്ളലേറ്റ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ അനിൽ അബുദാബി മഫ്‌റഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയായിരുന്നു. 10 ശതമാനം പൊള്ളലേറ്റിരുന്ന ഭാര്യ നീനുവും മകനും അപകടനില തരണം ചെയ്തു.
ഉമ്മുൽഖുവൈനിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ ആയിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അനിലിനെ ആദ്യം ഉമ്മുൽഖുവൈൻ ശൈഖ് ഖലീഫ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് അബുദാബിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
നീനുവിന്റെ ശരീരത്തിൽ ആദ്യം തീപടരുകയും ഈ സമയം അനിൽ ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിലിന് പൊള്ളലേൽക്കുകയുമായിരുന്നു എന്നാണ് വിവരം. നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം പുത്തൻകാവ് മതിലകം മാർത്തോമ പള്ളിയിൽ അടക്കം ചെയ്യുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha
























