കൊറോണയില്‍ ലോകം നിശ്ചലം; പുറത്തിറങ്ങാനാവാതെ 100 കോടിപേർ; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 793 മരണം

ചൈനക്ക് പിന്നാലെ കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ മരണ സംഖ്യ അയ്യായിരത്തോട് അടുക്കുന്നു. ഇതുവരെ 4,825 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 793 പേരാണ് മരിച്ചത്. 6557 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
സ്പെയിന്, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടാകുന്നുണ്ട്. എന്നാല്‍ ജര്‍മനിയില്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ ഭരണകൂടത്തിനു സാധിച്ചു. 21,854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 77 പേര്‍ മാത്രമാണ് ജര്‍മനിയില്‍ മരിച്ചിരിക്കുന്നത്.ഇറ്റലിയിലെ മരണനിരക്ക് കൂടി പുറത്തുവന്നതോടെ ലോകത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 12,000 കവിഞ്ഞു.
കൊറോണ വൈറസ് തടയാൻ വിവിധ രാജ്യങ്ങൾ പ്രതിരോധനടപടികൾ കടുപ്പിച്ചപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതായത് നൂറുകോടി പേർക്ക്. യൂറോപ്പിലെയും ഏഷ്യയിലെയും ഏതാനും രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളുമാണ് പൗരന്മാരോട് വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ നീക്കങ്ങൾ നിയന്ത്രിച്ചും സ്കൂളുകൾ പൂട്ടിയും ലക്ഷക്കണക്കിനുപേരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടുമാണ് ലോകം മഹാമാരിക്കെതിരേ പോരാടുന്നത്.
35 രാജ്യങ്ങളാണ് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധരാജ്യങ്ങളിലായി മറ്റൊരു 60 കോടി പേർ സർക്കാരുകളുടെ ശക്തമായ നിയന്ത്രണങ്ങളിലുമാണ്.വൈറസ് ബാധിതർ 625 ആയതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാകിസ്താൻ. അന്താരാഷ്ട്ര വിമാനസർവീസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. തീവണ്ടി സർവീകളും കുറച്ചു. സിന്ധ് പ്രവിശ്യയിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുള്ളത്. ഇവിടെ ശനിയാഴ്ച 90 പേർക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 357 ആയി. ഇറാനിൽ തീർഥാടനത്തിനുപോയി തിരിച്ചെത്തിയവരാണ് ഇതിൽ കൂടുതലും. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പൗരന്മാരോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha