സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി

കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്‍കി. ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂലൈ 9 മുതല്‍ കുറച്ചുദിവസത്തേക്ക് അവധി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശയാത്ര കഴിഞ്ഞ് ഇന്ന് ചുമതലയേറ്റ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അപേക്ഷ മെയിലില്‍ അയച്ചത്. തന്റെ അഭാവത്തില്‍ റജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാംപസ് ജോയിന്റ് റജിസ്ട്രാര്‍ക്കോ നല്‍കണമെന്ന് അവധി അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തി എന്ന് രേഖപെടുത്തി വിസി അപേക്ഷ നിരസിച്ചു.
സസ്‌പെന്‍ഷനിലുള്ള അനില്‍കുമാര്‍ സര്‍വകലാശാല ക്യാംപസില്‍ കയറി ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തരുതെന്ന് കാട്ടി വിസിയുടെ അധികചുമതലയുണ്ടായിരുന്ന ഡോ.സിസാ തോമസ് ഇന്നലെ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് റജിസ്ട്രാര്‍ അവധിക്ക് അപേക്ഷ നല്‍കിയത്. റജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പനു നല്‍കിക്കൊണ്ടും ജോയിന്റ് റജിസ്ട്രാര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടുമുള്ള വിസിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ കൂട്ടാക്കാതിരിക്കുകയും ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനു കാരണക്കാരാവുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.
അതിനിടെ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച സര്‍വകലാശാല ആസ്ഥാനത്തു നടത്തിയ പ്രതിഷേധത്തില്‍ ഉണ്ടായ നാശനഷ്ടം കണക്കാക്കാന്‍ വിസി എന്‍ജിനീയറിങ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. പ്രതിഷേധക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള തുടര്‍നടപടികളുടെ ഭാഗാമായാണ് നീക്കം.
https://www.facebook.com/Malayalivartha