40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്

2019ലെ പുല്‍വാമ ഭീകരാക്രമണം, 2022ലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം തുടങ്ങിയയിടങ്ങളില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈനിലൂടെയെന്ന് കണ്ടെത്തല്‍. 40 ജവാന്മാരാണ് ഈ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ദി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഭീകരസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇകൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസുകളും ദുരുപയോഗപ്പെടുത്തുന്നതായി എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. ലോകമൊട്ടാകെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായം തുടങ്ങിയവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്.
പുല്‍വാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളിലെ പ്രധാന അസംസ്‌കൃത വസ്തുവായ അലുമിനിയം പൗഡര്‍ ഇകൊമേഴ്‌സ് പ്‌ളാറ്റ്‌ഫോം വഴിയാണ് എത്തിച്ചതെന്ന് എഫ്എടിഎഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ഏഴ് വിദേശപൗരന്മാര്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റിലായി. വാഹനങ്ങള്‍, ഒളിത്താവളങ്ങള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണത്തെക്കുറിച്ചും എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരസംഘടനയായ ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രതി ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഐഎസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രതി 6.7 ലക്ഷം രൂപ പേപാല്‍ വഴി കൈമാറ്റം ചെയ്തതായും എഫ്എടിഎഫ് പറയുന്നു. തന്റെ ലൊക്കേഷന്‍ മറച്ചുവയ്ക്കുന്നതിനായി വിവിധ വിപിഎന്‍ സര്‍വീസുകള്‍ ഉപയോഗിച്ചു. 44 അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തി. വിപിഎന്‍ സേവനദാതാക്കള്‍ക്ക് പണം നല്‍കുന്നതിനായി ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഇയാള്‍ ഉപയോഗപ്പടുത്തിയെന്നും എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇയാളുടെ ഇടപാടുകളില്‍ സംശയം ഉടലെടുത്തതിന് പിന്നാലെ പേപാല്‍ ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha