കോവിഡ് പ്രതിരോധത്തിൽ കാനഡ ശരിയായ ദിശയില്‍ ആണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...പക്ഷെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല

കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ കാനഡ ശരിയായ ദിശയിലാണെന്നും എന്നാല്‍ വൈറസിനെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു .കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പള വര്‍ധനവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ട്രൂഡോ നൽകിയിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോറി ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു
''വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു കാലത്തിന് ശേഷം നമ്മള്‍ ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിക്കാന്‍ ജനങ്ങള്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കാനഡ പതിയെ തുറക്കുകയാണ്. എന്നാല്‍ വീണ്ടും രോഗം ഉയര്‍ന്നുവന്നേക്കുമോ എന്ന ആശങ്കയുമുണ്ട്'' കോവിഡുമായി ബന്ധപ്പെട്ട പതിവ് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ നീക്കിയത് വീണ്ടും വൈറസ് വ്യാപനത്തിന് കാരണമാകുമോ എന്ന ഭയക്കുന്നതായി കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.തെരേസ ടാം പറഞ്ഞു. നിയന്ത്രണങ്ങളെ നിസാരമായി കണ്ടാല്‍ രോഗം അതിന്‍റെ പൂര്‍ണ്ണശക്തിയോടെ തിരിച്ചുവരുമെന്നും തെരേസ മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും കാനഡയിലേക്ക് വരുന്ന കനേഡിയൻ പൗരന്മാർക്ക് 2 ആഴ്ച ക്വാറന്‍റൈനിൽ പോകേണ്ടി വരുമെന്നും ഡോ. തെരേസ ടാം കർശന നിർദ്ദേശം നൽകിയിരുന്നു
ജൂലൈ 12 നകം കാനഡയില്‍ 1,04,000 മുതൽ 1,08,000 വരെ കേസുകൾ രേഖപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കാനഡയില്‍ ഇതുവരെ 8,566 പേരാണ് കോവിഡ‍് ബാധിച്ച് മരിച്ചത്. 1,03,799 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 67,178 പേര്‍ രോഗമുക്തി നേടി.
https://www.facebook.com/Malayalivartha