യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വന്‍കിടക്കാരുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വന്‍കിടക്കാരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേതടക്കം സംഘടിതമായ രീതിയില്‍ നടന്ന ഹാക്കിങ്, ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ തട്ടിപ്പിനു വേണ്ടിയാണെന്ന് കരുതപ്പെടുന്നു.
പ്രമുഖരുടെയെല്ലാം അക്കൗണ്ടില്‍ നിന്ന് അക്രമികള്‍ ചെയ്ത ട്വീറ്റില്‍, അജ്ഞാത ബിറ്റ്‌കോയിന്‍ വോലറ്റിലേക്ക് 1000 യുഎസ് ഡോളര്‍ അയച്ചാല്‍ 2000 ഡോളര്‍ തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒബാമയെയും ഗേറ്റ്‌സിനെയും പോലുള്ളവര്‍ ഇങ്ങനെ ട്വീറ്റ് ചെയ്താല്‍ കഥയറിയാത്തവര്‍ വിശ്വസിച്ചുപോകാനിടയുണ്ടെന്നുള്ളതാണ് ഇതിന്റെ അപകടം.
ഇതിലേക്ക് ഒരിക്കല്‍ പണമയച്ചു കഴിഞ്ഞാല്‍ അതെങ്ങോട്ടു പോകുന്നുവെന്നു കണ്ടെത്തുക അസാധ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കു ബിറ്റ്‌കോയിന്‍ എളുപ്പമുള്ള മാര്‍ഗമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ 1.12 ലക്ഷം യുഎസ് ഡോളര്‍ ഈ ബിറ്റ്‌കോയിന്‍ വോലറ്റിലേക്കു പ്രവഹിച്ചുവെന്നാണു വിവരം. ഇത്, അക്രമികളുടെ തന്നെ പണമാണോ പ്രമുഖരുടെ ട്വീറ്റുകള്‍ വിശ്വസിച്ച് സാധാരണക്കാര്‍ അയച്ചതാണോ എന്നു വ്യക്തമല്ല.
സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്ക് ഡോര്‍സെ പറഞ്ഞു. ട്വിറ്റര്‍ ജീവനക്കാരുടെ, കംപ്യൂട്ടര്‍ സംവിധാനത്തില്‍ കടന്നുകയറിയാണ് ഹാക്കര്‍മാര്‍ ഇങ്ങനെ ചെയ്തതെന്നും വിവരം അറിഞ്ഞയുടന്‍ അക്കൗണ്ടുകള്‍ ലോക്ക് ചെയ്ത് ട്വീറ്റുകള്‍ നീക്കം ചെയ്തുവെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തി നില്‍ക്കെ ഹാക്കിങ് യുഎസില്‍ രാഷ്ട്രീയ വിവാദവുമായി. പ്രചാരണത്തിനു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സമൂഹമാധ്യമമാണ് യുഎസില്‍ ട്വിറ്റര്‍.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട പ്രമുഖര്‍ ഇവരാണ്:
ബറാക് ഒബാമ, ഇലോണ്‍ മസ്‌ക് (ടെസ്‌ല സിഇഒ), ബില്‍ ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍), ജോ ബൈഡന്‍ (യുഎസ് മുന്‍ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനാര്‍ഥി), കാന്യേ വെസ്റ്റ് (ഗായകന്‍), കിം കര്‍ദാഷിയാന്‍ (റിയാലിറ്റി ടിവി താരം), വാറന്‍ ബഫറ്റ് (ഓഹരി വിപണിയിലെ ശതകോടീശ്വരന്‍) ജെഫ് ബെസോസ് (ആമസോണ്‍ സിഇഒ), മൈക്ക് ബ്ലൂംബര്‍ഗ് (മുന്‍ ന്യൂയോര്‍ക്ക് മേയറും ബിസിനസ്സുകാരനും),യൂബര്‍, ആപ്പിള്‍ കമ്പനികളുടെ കോര്‍പറേറ്റ് അക്കൗണ്ടുകള്‍.
https://www.facebook.com/Malayalivartha
























