അഫ്ഗാന്‍ ജയിലില്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മലയാളി ഭീകരനും, അന്തിമ സ്ഥിരീകരണത്തിന് അഫ്ഗാന്‍ സേനയുടെ സഹായത്തോടെ ഡിഎന്‍എ പരിശോധന നടത്തും

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള ജയിലില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനാംഗങ്ങളടക്കം 29 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരില്‍ മലയാളിയുമുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ നിഗമനം. ആക്രമണം നടത്തിയ 10 അംഗ സംഘത്തിലൊരാള്‍ കാസര്‍കോട് പടന്ന കല്ലുകെട്ടിയ പുരയില്‍ ഇജാസ് (36) ആണെന്നാണു സൂചന. ഭീകരരുടെ ചിത്രം ഐഎസ് പുറത്തുവിട്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞത്. 10 ഭീകരരെയും വധിച്ചതായി അഫ്ഗാന്‍ സേനാ മേധാവി ജനറല്‍ യാസിന്‍ സിയ അറിയിച്ചു.
ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ മുഖം മറച്ച നിലയിലാണ് ഭീകരരുള്ളത്. ചിത്രത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ അവരിലൊരാള്‍ ഇജാസ് തന്നെയാണെന്നു വ്യക്തമാണെന്നും അന്തിമ സ്ഥിരീകരണത്തിന് അഫ്ഗാന്‍ സേനയുടെ സഹായത്തോടെ ഡിഎന്‍എ പരിശോധന നടത്തിയേക്കുമെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
ഭീകരാക്രമണത്തിനു ശേഷം ഐഎസ് പുറത്തുവിട്ട ശബ്ദരേഖയില്‍ സംഘത്തില്‍ 3 പേര്‍ ഇന്ത്യക്കാരാണെന്ന് വെളിപ്പെടുത്തിയിരുന്നു. 3 വീതം അഫ്ഗാന്‍, തജിക്കിസ്ഥാന്‍ സ്വദേശികളും ഒരു പാക്കിസ്ഥാനിയുമാണ് സംഘത്തിലെ മറ്റുള്ളവര്‍.
ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഐഎസ് ഭീകരരെ മോചിപ്പിക്കാന്‍ ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ സുരക്ഷാ സേനാംഗങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ വരെ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു ഭീകരരെ വധിച്ചത്.
ആക്രമണത്തില്‍ ഇന്ത്യക്കാരുള്ളതിനാല്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സിനെ പ്രതിചേര്‍ത്ത് എന്‍ഐഎ കേസെടുത്തിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരാക്രമണങ്ങള്‍ സ്വന്തം നിലയില്‍ അന്വേഷിക്കാനുള്ള അധികാരമുപയോഗിച്ചാണ് എന്‍ഐഎ കേസെടുത്തത്.
ഐഎസില്‍ ചേരാന്‍ 2016 മേയില്‍ ഇന്ത്യ വിട്ട ഇജാസിനെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് നിലവിലുണ്ട്. ഇന്റര്‍പോള്‍ രേഖകള്‍ പ്രകാരം അഫ്ഗാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 29-ന് കൊച്ചിയിലെ എന്‍ഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha



























