പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ ഓടാവൂ എന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
വികസന പ്രവർത്തനങ്ങളെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം കാണുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഈ പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷൻ മുടക്കുന്നത് 135.7 കോടി രൂപയാണ്. പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത് എന്നിരിക്കെ, മേയർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ പരിഹാസ്യമാണ്. ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അനേകം വികസന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഈ 113 വാഹനങ്ങൾ.
നിലവിൽ സർവീസ് നടത്തുന്നവയിൽ 50 വാഹനങ്ങൾ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മാർട്ട് സിറ്റി പദ്ധതിയിലെ ബസുകൾ ഓടിക്കുന്നതും നിയന്ത്രിക്കുന്നതും കെ.എസ്.ആർ.ടി.സിയാണ്. സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, കെ എസ് ആർ ടി സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറാണ് ഇതിനുള്ളത്. ഈ ബസുകളുടെ മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്. അല്ലാതെ കോർപ്പറേഷൻ ജീവനക്കാരല്ല ഈ ബസുകൾ ഓടിക്കുന്നത്. സർവീസ് കാര്യങ്ങൾ പരിശോധിക്കാൻ ഒരു ഉപദേശക സമിതിയുണ്ട് എന്നതും, മേയർ ആ കമ്മിറ്റിയുടെ അധ്യക്ഷനാണ് എന്നതും മാത്രമാണ് ആകെയുള്ള കാര്യം. അതിനർത്ഥം ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാനുള്ള അധികാരം മേയർക്കില്ല എന്നതാണ്.
https://www.facebook.com/Malayalivartha



























