യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര

ഓണ്‍ലൈന്‍ ടാക്‌സിയായ യൂബറില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറില്‍ നിന്നും നേരിടേണ്ടി വന്ന അതിക്രമവും അശ്രദ്ധമായ ഡ്രൈവിംഗും കാരണം തന്റെ ജീവന്‍ പോലും അപകടത്തിലായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിലൂടെയാണ് യുവാവ് തന്റെ ദുരനുഭവം പങ്കുവച്ചത്.
ഏകദേശം 70 കി.മീ വേഗത്തില്‍ വാഹനങ്ങള്‍ പായുന്ന ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു ഡ്രൈവറുടെ ഭാഗത്തുനിന്ന് അങ്ങേയറ്റം അപകടകരമായ പെരുമാറ്റം ഉണ്ടായത്. പെട്ടെന്ന് സിഎന്‍ജി നിറയ്ക്കണമെന്ന തോന്നലില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വലതുവശത്തെ ട്രാക്കില്‍ നിന്നും ഇടതുവശത്തേക്ക് വണ്ടി വെട്ടിച്ചു കയറ്റുകയായിരുന്നു. മറ്റു വാഹനങ്ങള്‍ക്കിടയിലൂടെയുള്ള സാഹസികത നിറഞ്ഞ യാത്ര തന്നെ മരണത്തിന്റെ വക്കിലെത്തിച്ചുവെന്നും യുവാവ് പറയുന്നു.
യാത്രയുടെ തുടക്കം മുതല്‍ തന്നെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. പാതിവഴി എത്തിയപ്പോള്‍ ഡ്രൈവറുടെ ഫോണ്‍ ഓഫായി. തുടര്‍ന്ന് തന്റെ ഫോണില്‍ ഗൂഗിള്‍ മാപ്പ് ഇട്ടു നല്‍കാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇതോടെ യൂബര്‍ ആപ്പിന്റെ സുരക്ഷാ ട്രാക്കിംഗ് നഷ്ടമായി. നിശ്ചയിച്ച റൂട്ടില്‍ നിന്നും മാറി ഡ്രൈവര്‍ സഞ്ചരിക്കാന്‍ തുടങ്ങി.
കൂടുതല്‍ സമയമെടുക്കുന്ന റൂട്ടിലൂടെ പോകുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്തപ്പോള്‍ 'ആപ്പില്‍ ഇങ്ങനെയാണ് കാണിച്ചിരുന്നതെന്ന് അയാള്‍ കള്ളം പറയുകയായിരുന്നു. ഭയന്നുപോയ യുവാവ് ഉടന്‍ തന്നെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും പാതിവഴിയില്‍ ഇറങ്ങുകയുമായിരുന്നു. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം യാത്രക്കാരുടെ സുരക്ഷയെ ആശങ്കയിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























