കോവിഡ് മരുന്നുകള്‍: ബൗധിക സ്വത്തവകാശ നിയമങ്ങള്‍ എടുത്തുകളണമെന്ന് ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യയുടെ കത്ത്

കോവിഡ് മരുന്നുകളുടെയും വാക്‌സീനുകളുടെയും നിര്‍മാണവും ഇറക്കുമതിയും വികസ്വര രാജ്യങ്ങളില്‍ സുഗമമാക്കുന്നതിന് ബൗധിക സ്വത്തവകാശ നിയമങ്ങള്‍ എടുത്തുകളണമെന്ന് ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്തമായി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പേറ്റന്റ്, ട്രേഡ് മാര്‍ക്കുകള്‍, കോപ്പിറൈറ്റ് എന്നിവയെ നിയന്ത്രിക്കുന്ന വ്യാപാരവുമായി ബന്ധപ്പെട്ട ബൗധിക സ്വത്തവകാശ നിയമത്തിലെ (ട്രേഡ് റിലേറ്റഡ് ആസ്‌പെറ്റ്‌സ് ഓഫ് ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) ഭാഗങ്ങള്‍ എടുത്തുകളയണമെന്നാണ് ഒക്ടോബര്‍ രണ്ടിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.
കോവിഡ് വാക്‌സീന്‍ നിര്‍മാണവും ചികിത്സകളും ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ആഗോള ആവശ്യം നിറവേറ്റുന്ന തരത്തില്‍, താങ്ങാനാവുന്ന വിലയില്‍, പര്യാപ്തമായ അളവില്‍ ഇവ ലഭ്യമാകുമോ എന്ന ആശങ്കകള്‍ ഉയരുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.
വികസ്വര രാജ്യങ്ങളെ വളരെ മോശമായി തന്നെ കോവിഡ് മഹാമാരി ബാധിച്ചിട്ടുണ്ടെന്നും പേറ്റന്റ് ഉള്‍പ്പെടെയുള്ള ബൗധിക സ്വത്തവകാശങ്ങള്‍ മരുന്നുകള്‍ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് അവ ഇല്ലാതാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ജനീവ ആസ്ഥാനമായ ലോകവ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















