പുതിയ യാത്രാ നിബന്ധന: ബഹ്റൈനില്‍ കുടുങ്ങിയത് ആയിരത്തോളം സൗദി യാത്രക്കാര്‍, കോവിഡ് വാക്സിന് സ്വീകരിച്ചവരെ മാത്രമേ കടത്തി വിടൂ

സൗദി അറേബ്യ പ്രാബല്യത്തില്‍ വരുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ബഹ്റൈനില്‍ കുടുങ്ങിയത് 1000ഓളം മലയാളികള്‍. കോവിഡ് വാക്സിന് സ്വീകരിച്ചവരെ മാത്രമേ കടത്തി വിടൂ എന്ന നിബന്ധന കിങ് ഫഹദ് കോസ്വേ അധികൃതര്‍ വ്യാഴാഴ്ച മുതല്‍ നടപ്പാക്കിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. സൗദിയിലേക്ക് പോകാന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോസ്വേയില് എത്തിയ യാത്രക്കാരെ തിരിച്ചയച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ബഹ്റൈന്‍ വഴി പോകാന്‍ എത്തിയവരാണ് പ്രയാസത്തിലായത്. ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീന് ശേഷമാണ് കോസ്വേ വഴി ഇന്ത്യക്കാര്‍ സൗദിയിലേക്ക് പോയിക്കൊണ്ടിരുന്നത്. എന്നാല്‍, പുതിയ നിബന്ധന ഈ മാര്‍ഗം അടച്ചു.
സൗദി റസിഡന്‍സ് വിസയുള്ളവര്‍, തൊഴില്‍, സന്ദര്‍ശക, ടൂറിസം വിസയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് പുതിയ നിബന്ധന ബാധകം. ഇവര്‍ 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സൗദി അംഗീകരിച്ച ഫൈസര്‍, ആസ്ട്ര സേനക്ക, മൊഡേണ എന്നീ വാക്സിനുകള്‍ രണ്ട് ഡോസും
ജോണ്സന് ആന്റ് ജോണ്സന് വാക്സിന് ഒറ്റ ഡോസും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. വാക്സിന് സ്വീകരിക്കാതെ എത്തിയവരാണ് ബഹ്റൈനില്‍ കുടുങ്ങിയത്. ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ വാക്സിന് നല്‍കുന്നുമില്ല.
അതേസമയം, വിമാന മാര്‍ഗം ഇവര്‍ക്ക് സൗദിയിലേക്ക് പോകുന്നതിന് തടസ്സമില്ല. സൗദിയില്‍ എത്തി ഒരാഴ്ച ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയാണുള്ളത്. വിമാന ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഹോട്ടല്‍ താമസത്തിനുള്ള ബുക്കിങ്ങും നടത്തണം. സൗദി എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍ എന്നിവ മുഖേനയാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
ബഹ്റൈനില്‍നിന്ന് സൗദിയിലേക്ക് പോകാന്‍ ഒരാഴ്ചത്തെ ക്വാറന്റീന് അടക്കം 80000 രൂപയോളം ചെലവ് വരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. വന്‍തുക മുടക്കി ബഹ്റൈനിലെത്തിയ യാത്രക്കാര്‍ക്ക് ഇത് ഇരട്ടി ഭാരമാകും. പലരും 14 ദിവസത്തെ വിസയിലാണ് ബഹ്റൈനില്‍ എത്തിയിരിക്കുന്നത്.
ഈ കാലാവധി കഴിയുന്നതിനാല്‍ അത് പുതുക്കുകയും വേണം. 72 മണിക്കൂര്‍ സമയപരിധി കഴിയുന്നതിനാല്‍ വീണ്ടും ടെസ്റ്റ് നടത്തുകയും വേണം. ചുരുക്കത്തില്‍, നാട്ടില്‍ നിന്നുള്ള വരവും ബഹ്റൈനിലെ താമസവും സൗദി യാത്രയും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയെങ്കിലും ഇവര്‍ക്ക് ചെലവാകുന്ന സ്ഥിതിയാണ്.
അതിനിടെ, ബഹ്റൈന്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ യാത്രാ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സൗദി യാത്രക്കാരുടെ വരവ് തന്നെ മുടക്കും. ബഹ്റൈനില്‍ റസിഡന്‍സ് വിസയുള്ളവര്‍ക്ക് മാത്രമാണ് ഞായറാഴ്ച മുതല്‍ ഇങ്ങോട്ട് വരാന്‍ കഴിയുക. മറ്റ് വിസകളില്‍ ബഹ്റൈനില്‍ എത്തി സൗദിയിലേക്ക് പോകാനുള്ള വഴിയാണ് ഇതോടെ അടയുന്നത്.
https://www.facebook.com/Malayalivartha



























