കോവിഡ് വാക്‌സിന്‍ മിക്‌സ് ചെയ്ത് ഉപയോഗിച്ച് നിരവധി രാജ്യങ്ങള്‍; ഫൈസറിന്റേയും മൊഡേണയുടേയും വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കാം

വിവിധ ബ്രാന്‍ഡുകളുടെ കോവിഡ് വാക്‌സിന്‍ മിക്‌സ് ചെയ്ത് ഉപയോഗിച്ച് നിരവധി രാജ്യങ്ങള്‍. റഷ്യ, ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ ഈ രീതിയില്‍ വാക്‌സിന്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊറോണയെ ചെറുക്കുന്നതിന് കൂടുതല്‍ ഫലപ്രദം വാക്‌സിന്‍ ഡോസുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നതാണെന്നും ഒന്നിലധികം രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പുതിയ രീതിയുടെ ഫലപ്രാപ്തി നിര്‍ണ്ണയിക്കുന്നതിന് നിരവധി ക്ലിനിക്കല്‍ പരീക്ഷണങ്ങളും പഠനങ്ങളും നടന്നുകഴിഞ്ഞു.
അബുദാബിയില്‍ ചൈനയുടെ സിനോഫോര്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ വാക്‌സിനും സ്വീകരിക്കാന്‍ അനുവാദമുണ്ട്. ഡോക്ടര്‍ ഒപ്പിട്ട സമ്മതപത്രം സമര്‍പ്പിച്ചാണ് ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടത്. രണ്ട് അപേക്ഷാ ഫോമുകളാണ് ഇതിനായി ഉള്ളത്. ഒന്ന് അപേക്ഷകനും മറ്റൊന്ന് ഫിസിഷ്യനും പൂരിപ്പിക്കണം.
ബഹ്‌റിനില്‍ ചൈനയുടെ സിനോഫോര്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഷോട്ടെന്ന നിലയില്‍ ഫൈസര്‍ വാക്‌സിനും സ്വീകരിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അമ്പത് വയസ്സിനു മുകളിലുള്ളവരില്‍ രോഗ പ്രധിരോധ ശേഷി കുറവുള്ളവരും അമിത വണ്ണമുള്ളവരും സിനോഫോര്‍ വാക്‌സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
കാനഡയില്‍ അള്‍ട്രാസെനക്ക് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സെക്കന്റ് ഡോസായി ഫൈസറിന്റേയോ മൊഡേണയുടേയോ വാക്‌സിന്‍ സ്വീകരിക്കാം. ഫൈസറിന്റേയും മൊഡേണയുടേയും വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കാനും അനുവാദമുണ്ട്. അതേസമയം ഫൈസറോ, മൊഡേണയോ സ്വീകരിച്ച ശേഷ രണ്ടാമത്തെ ഡോസായി ആള്‍ട്രാസെനക്ക ശുപാര്‍ശ ചെയ്യുന്നില്ല.
അമേരിക്കയില്‍ വളരെ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഫൈസറിന്റേയും മൊഡേണയുടെയും വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. രണ്ട് ഡോസുകള്‍കള്‍ക്കിടയില്‍ കുറഞ്ഞത് 28 ദിവസത്തിന്റെ ഇടവേള നിര്‍ബന്ധമായും വേണമെന്നും നിര്‍ദ്ദേശമുണ്ട്.
ആള്‍ട്രാസെനക്ക് വാക്‌സിന്റെ ആദ്യ ഡോസ് ഉപയോഗിച്ച 55 വയസ്സിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് ഫൈസറിന്റേയോ, മൊഡേണയുടേയോ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കോവിഡ് 19 വാക്‌സിനുകളുടെ ചുമതലയുള്ള ഫ്രാന്‍സിലെ ഉന്നത ആരോഗ്യ സമിതി നിര്‍ദ്ദേശിക്കുന്നു. ആസ്ട്രാസെനക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസായി മറ്റേതെങ്കിലും വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഫിന്‍ലാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























