ലോക്ക് ഡൗണില്‍ വീട്ടിലിരുന്ന് മടുത്തപ്പോള്‍ കോടീശ്വരന്‍ സ്വീകരിച്ച ജോലി?

കോവിഡ് ഏറെ പേരെ ബുദ്ധിമുട്ടിലാക്കിയെങ്കിലും ചിലരെ അത് ബോറടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യന്‍ കോടീശ്വരന്‍. റഷ്യയിലെ ബിസിനസുകാരനായ സെര്‍ജി നോചോവ്‌നിയാണ് തന്റെ മടുപ്പ് മാറ്റാനായി ഡെലിവറി ജോലി ചെയ്യാന്‍ തീരുമാനിച്ചത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ റഷ്യയുടെ തലസ്ഥനാമായ മോസ്‌കോയില്‍ നിയന്ത്രണം തുടരുകയാണ്.
നിലവില്‍ വീട്ടിലിരുന്നാണ് ആളുകള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഡെലിവറി ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ട്. ഭക്ഷണ സാധനങ്ങള്‍ ആളുകളില്‍ എത്തിക്കാനായി ഇവര്‍ക്ക് നഗരത്തില്‍ സഞ്ചരിക്കാം. ഈ കാരണത്താലാണ് 38കാരനായ സെര്‍ജി ഒരു ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി വാങ്ങിയത്.
താന്‍ ഇപ്പോള്‍ ആഹാരസാധനങ്ങളുമായി ദിവസവും 20 കിലോമീറ്ററോളം നടക്കാനാകുന്നുണ്ടെന്ന് സെര്‍ജി പറയുന്നു. മാത്രമല്ല, ഈ ജോലി ചെയ്യുന്നതിലൂടെ 1000 മുതല്‍ 1500 റൂബിള്‍സ് വരെ വരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷം ചൈനയില്‍ ജീവിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണ് സെര്‍ജി റഷ്യയിലേക്ക് തിരിച്ചെത്തിയത്. ഇദ്ദേഹം മോസ്‌കോ നഗരത്തില്‍ ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയാണ്.
ഏകദേശം15 കോടിക്ക് മുകളിലാണ് സെര്‍ജിയുടെ ഒരുവര്‍ഷത്തെ വരുമാനം. ശരീരം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായിരിക്കാനും ജീവിതത്തെ പുതിയ തലത്തിലൂടെ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് സെര്‍ജി പറയുന്നത്.
https://www.facebook.com/Malayalivartha























