മലാല ഏറെ പിന്തുണ നല്‍കുന്ന സുഹൃത്തും ഹൃദയാലുവായ പങ്കാളിയും; ഭാവി ജീവിതം മലാലയോടൊന്നിച്ച് ചെലവഴിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് അസ്സര്‍ മാലിക്

നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇപ്പോള്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും വരുന്ന വിവാഹാശംസകള്‍ക്ക് നന്ദിയറിയിക്കുകയാണ് അസ്സര്‍ മാലിക്.
മലാല തനിക്ക് ഏറെ പിന്തുണ നല്‍കുന്ന സുഹൃത്തും ഹൃദയാലുവായ പങ്കാളിയുമാണെന്ന് അസ്സര്‍ ട്വീറ്റ് ചെയ്തു. ഭാവി ജീവിതം മലാലയോടൊന്നിച്ച് ചെലവഴിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അസ്സര്‍ മാലിക് പറഞ്ഞു.
ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങ് നടന്നത്. 24-കാരിയായ മലാലയും കുടുംബവും ബെര്‍മിങ്ഹാമിലാണ് താമസം.
“ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം,” വിവാഹ ചിത്രങ്ങൾ പങ്കുവച്ച് മലാല ട്വിറ്ററിൽ കുറിച്ചത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പാക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടിയത്.
പതിനഞ്ചാം വയസിലായിരുന്നു അത്. ഇംഗ്ലണ്ടിലെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച മലാല അവിടെനിന്നു തന്നെ ബിരുദം നേടി. രണ്ടായിരത്തി പതിനാലിനാണ് മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ചത്.
https://www.facebook.com/Malayalivartha






















